ബിജെപിയുടെ എതിര്‍പ്പ് അവഗണിച്ച് തെലങ്കാനയില്‍ മുസ്ലീം സംവരണം വര്‍ദ്ധിപ്പിച്ചു

മുസ്ലീം സംവരണത്തെ അനുകൂലിക്കുന്നില്ലെന്നും അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിച്ചതിനെ ബിജെപി അംഗീകരിക്കുകയും ചെയ്തു.

ബിജെപിയുടെ എതിര്‍പ്പ് അവഗണിച്ച് തെലങ്കാനയില്‍ മുസ്ലീം സംവരണം വര്‍ദ്ധിപ്പിച്ചു

തെലങ്കാനയില്‍ സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മുസ്ലീം പിന്നോക്ക സമുദായാംഗങ്ങള്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിച്ചു. ബിജെപിയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെലങ്കാന നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. റാവുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.

നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ത്താണ് ബില്‍ പാസാക്കിയത്. രാഷ്ട്രപതിയുടെ അനുമതിക്കായി ബില്‍ അയക്കും. പിന്നോക്കവിഭാഗ, പട്ടികജാതി-പട്ടികവര്‍ഗ സംവരണ ബില്‍ 2017 എന്ന പേരിലാണ് ബില്‍. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കുള്ള സംവരണം ഇതോടെ 12 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് നാലു ശതമാനമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം ആറില്‍ നിന്ന് 10 ശതമാനമാക്കിയും ഉയര്‍ത്തി. സംവരണം വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ മുസ്ലീം സംവരണത്തെ അനുകൂലിക്കുന്നില്ലെന്നും അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിച്ചതിനെ ബിജെപി അംഗീകരിക്കുകയും ചെയ്തു. ബില്‍ പാസാക്കുന്നതിനിടെ സഭയില്‍ പ്രതിഷേധിച്ച അഞ്ച് ബിജെപി എംഎല്‍എമാരെ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ ലക്ഷ്മണ്‍, ജി കിഷന്‍ റെഡ്ഡി എന്നീ നേതാക്കളും ഇതിലുള്‍പ്പെടും. ബില്ലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

തമിഴ്‌നാട് 69 ശതമാനം സംവരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടപ്പിലാക്കുന്നുണ്ട്. ആറോളം സംസ്ഥാനങ്ങള്‍ 50 ശതമാനത്തിലധികം സംവരണം നല്‍കുന്നു. ഈ സാഹചര്യത്തില്‍ തെലങ്കാനയില്‍ മാത്രം ഇത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.