​​ഹിന്ദുത്വ ഭീകരർ ലക്ഷ്യമിടുന്നത് പ്രാദേശിക ഭാഷാ മാധ്യമ പ്രവർത്തകരെ; ​ഗൗരിയ്ക്കൊപ്പം ഇല്ലാതായത് വലിയ ഒരു ഇടം-ടീസ്ത സെതൽവാദ് സംസാരിക്കുന്നു

''എന്നെയും അവര്‍ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ ഗൗരിക്ക് കിട്ടാതെ പോയ സുരക്ഷ എനിക്ക് കിട്ടിയിട്ടുണ്ട്.എനിക്ക് 2004ല്‍ സുപ്രീം കോടതി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് സാക്ഷികള്‍ക്ക് ഏര്‍പ്പെടുത്തിയ പോലെ. ഗൗരിക്ക് ഈ സുരക്ഷ ഉണ്ടായിരുന്നില്ല. മറ്റനേകം ജേണലിസ്റ്റുകള്‍ക്കും ഈ സുരക്ഷ ഇല്ല''- മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ ടീസ്ത സെതൽവാദ് നാരദയോട് സംസാരിച്ചത്

​​ഹിന്ദുത്വ ഭീകരർ ലക്ഷ്യമിടുന്നത് പ്രാദേശിക ഭാഷാ മാധ്യമ പ്രവർത്തകരെ; ​ഗൗരിയ്ക്കൊപ്പം ഇല്ലാതായത് വലിയ ഒരു ഇടം-ടീസ്ത സെതൽവാദ് സംസാരിക്കുന്നു

കല്‍ബുര്‍ഗിക്ക് ശേഷം സനാതൻ സൻസ്ത പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത് ഗൗരിയെത്തന്നെയാണെന്ന് വ്യക്തമാണ്.ഇതൊരു കൊലപാതക പരമ്പരയുടെ തുടര്‍ച്ചയാണ്. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

തീവ്രവലതുപക്ഷ സ്വഭാവമുള്ള ഒരു സംഘടനയാണ് ഇതിനു പിറകില്‍ എന്ന് വ്യക്തമാണ്. ഹിന്ദുമത രാഷ്ട്രത്തില്‍ വിശ്വസിക്കുന്ന ഒരു സംഘടന. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഈ സംഘടന ചില വ്യക്തികളെയും ബുദ്ധിജീവികളെയും ലക്ഷ്യമിട്ട് കൊല്ലുകയാണ്. അവരെ ഇല്ലായ്മ ചെയ്യുകയാണ്. ഗൗരിയുടെ വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന രീതിയും, ധെെര്യവും കാരണം ഗൗരി അത്തരത്തില്‍ ഒരാളായി. ഗൗരി കന്നഡ ഭാഷയിലാണ് എഴുതിയത്, ഇംഗ്ളീഷില്‍ അല്ല. അത് അതിപ്രധാനമാണ് ഇവിടെ.

കന്നഡയില്‍ തന്നെ എഴുതി, തീവ്രവലതുപക്ഷ ശക്തികളെ ആക്രമിച്ചു എന്നതുതന്നെയല്ലേ ഗൗരിയെ ഇപ്പോഴുള്ള ഗൗരി ആക്കുന്നതും? പ്രാദേശിക ഭാഷാ മാധ്യമങ്ങളെ ഒരു പ്രതിരോധ മാധ്യമമായി എങ്ങനെ നോക്കുന്നു?

എന്റെ കരിയറില്‍ ഭൂരിഭാഗവും എഴുതിയത് ഇംഗ്ളീഷിലാണ്. മറാത്തിയിലും ഹിന്ദിയിലും ഉര്‍ദുവിലും ഞാന്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രാദേശിക ഭാഷകള്‍ വ്യത്യസ്ത സമുദായങ്ങളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നവയാണ്, ഇംഗ്ളീഷ് അങ്ങനെയല്ല. ഇംഗ്ളീഷിന് പറ്റുന്നതിനേക്കാള്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് കഴിയും. പ്രാദേശിക മാധ്യമങ്ങളും വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. കര്‍ണാടക പ്രസ് ആയാലും മറാത്തി പ്രസ് ആയാലും ഗുജറാത്തി പ്രസ് ആയാലും അവയെല്ലാം അങ്ങേയറ്റം വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. മാത്രമല്ല അവ വളരെ ജാതീയവുമാണ്.ജനങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കുമ്പോള്‍ തന്നെ അവയ്ക്ക് പക്ഷവാദവുമുണ്ട്. അതുകൊണ്ട്, പ്രാദേശിക ഭാഷയില്‍ യുക്തിയെപ്പറ്റി സംസാരിക്കുകയും വര്‍ഗീയതയെയും ജാതീയതയെയും വെല്ലുവിളിക്കുകയും ചെയ്യുന്ന, വേറിട്ടു നില്‍ക്കുന്ന ചില ശബ്ദങ്ങള്‍, അതിനാല്‍ത്തന്നെ വളരെ ശക്തവും കൂടുതല്‍ പേരിലേക്ക് എത്തിച്ചെല്ലുന്നതുമാണ്. അവര്‍ ആക്രമിക്കപ്പെടുകയും ചെയ്യും.ഗൗരിയെ കൊന്നതോടെ അവര്‍ ഒരു സ്പെയ്സ് തന്നെയാണ് ഇല്ലാതാക്കിയത്. ആർ എസ് എസിനെ തുറന്നുകാട്ടുന്ന ഒരുപാട് എഴുത്തുകള്‍ ഗൗരി കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ട വര്‍ക്ക് ആണ്

​ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കൊപ്പം നിലകൊണ്ടതുകൊണ്ട് ഇരയാക്കപ്പെട്ടയാളാണ് ടീസ്ത. ആ പ്രവര്‍ത്തനങ്ങളെ പറ്റി പറയാമോ?

ജേണലിസവും ആക്ടിവിസവും ഒരുമിച്ച് കൊണ്ടുപോകുന്നയാളാണ് ഞാന്‍. പ്രാദേശിക ഭാഷകളിലും എഴുതുന്നുണ്ട്. കോടതിയില്‍ നടത്തിയ നിയമയുദ്ധങ്ങളായാലും, ജേണലിസ്റ്റ് എന്ന നിലയില്‍ ചെയ്ത കാര്യങ്ങളായാലും അവയെല്ലാം ഭാഷയേയും പ്രാദേശിക അതിരുകളെയും മറികടക്കുന്നവയാണ്. ഈ വര്‍ക്കുകളൊന്നും ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ഒതുങ്ങി നില്‍ക്കുന്നവയല്ല, മറിച്ച് ഇന്ത്യന്‍ ഭരണകൂടത്തെയും ഇന്ത്യന്‍ സമൂഹത്തെയും വര്‍ഗീയത ബാധിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചാണ്. കേരളത്തിലെയും കര്‍ണാടകത്തിലെയും ഉത്തര്‍പ്രദേശിലെയുമൊക്കെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണ് ഇവ. എന്റെ എഴുത്തുകള്‍ ഉര്‍ദുവിലേക്കും മറാത്തിയിലേക്കും ഗുജറാത്തിയിലേക്കും ഹിന്ദിയിലേക്കുമൊക്കെ മൊഴിമാറ്റിയിട്ടുണ്ട്. എന്നെയും അവര്‍ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ ഗൗരിക്ക് കിട്ടാതെ പോയ സുരക്ഷ എനിക്ക് കിട്ടിയിട്ടുണ്ട്.എനിക്ക് 2004ല്‍ സുപ്രീം കോടതി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് സാക്ഷികള്‍ക്ക് ഏര്‍പ്പെടുത്തിയ പോലെ. ഗൗരിക്ക് ഈ സുരക്ഷ ഉണ്ടായിരുന്നില്ല. മറ്റനേകം ജേണലിസ്റ്റുകള്‍ക്കും ഈ സുരക്ഷ ഇല്ല.

Read More >>