സൈബർ ചതിക്കുഴികളുടെ ഇന്ത്യ ഇല്ലാത്ത സേവനങ്ങൾക്ക് പണം വാങ്ങുന്ന ടെക് സപ്പോർട്ട് കമ്പനികൾ

നൈജീരിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രശസ്തമാണ്. ഇതേ രീതിയിലാണ് ഇന്ത്യയിലെ ചില തട്ടിപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും. കോടിക്കണക്കിനാണ് ഇത്തരം കമ്പനികള്‍ വാരിക്കൂട്ടുന്നത്. ചെയ്യുന്നതോ ഇല്ലാത്ത സേവനം അടിച്ചേല്‍പിക്കുക എന്നത് മാത്രം.

സൈബർ ചതിക്കുഴികളുടെ ഇന്ത്യ ഇല്ലാത്ത സേവനങ്ങൾക്ക് പണം വാങ്ങുന്ന ടെക് സപ്പോർട്ട് കമ്പനികൾ

സൈബര്‍ ക്രൈമുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഹാക്കിംഗും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളും മാത്രമേ വിഷയമായി വരാറുള്ളു. എന്നാല്‍ വിചാരിക്കുന്നതിനേക്കാള്‍ എത്രയോ വിശാലമാണ് സൈബര്‍ തട്ടിപ്പുകളെന്നു മനസ്സിലാക്കാന്‍ ഗുറെഗാവിലെ ഈ കമ്പനി ചെയ്യുന്ന കാര്യങ്ങള്‍ നോക്കിയാല്‍ മതി.

സബുരി ടി എല്‍ സി എന്ന ഈ കമ്പനി ഏതൊരു സാധാരണ കസ്റ്റമര്‍ കെയര്‍ കമ്പനിയേയും പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ക്യൂബിക്കിളില്‍ ഒരു കമ്പായൂട്ടറും ഫോണുമായി കസ്റ്റമര്‍ സര്‍വീസ് നടത്തുന്ന യുവതീയുവാക്കളെ ഇവിടെ കാണാം. എന്നാല്‍ സബുരി ചെയ്യുന്നത് മാത്രം അല്‍പം വ്യത്യസ്തമായ കാര്യമാണ്.

ഏതെങ്കിലും കമ്പ്യൂട്ടറില്‍ നുഴഞ്ഞ് കയറി അതില്‍ വൈറസ് ഉണ്ടെന്ന് പോപ് അപ് മെസേജ് അയക്കുന്നതോടെ സര്‍വീസ് ആരംഭിക്കുന്നു. വിരണ്ട് പോകുന്ന കമ്പ്യൂട്ടര്‍ ഉടമ അതില്‍ കാണുന്ന നമ്പറിലെയ്ക്ക് വിളിക്കുന്നു. ഫോണ്‍ എടുക്കുന്ന കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവ് എന്തൊക്കെയോ ചെയ്ത് എല്ലാം ശരിയായെന്ന് ഉറപ്പാക്കി പണം വാങ്ങുന്നു. ആപ്പിള്‍ കമ്പനിയുടെ ഔദ്യോഗികസേവനമാണെന്നെല്ലാം അവര്‍ തട്ടി വിടുകയും ചെയ്യും.

ടെക് സപ്പോര്‍ട്ട് സ്‌കാം എന്നറിപ്പെടുന്ന ഇത്തരക്കാര്‍ പേടിപ്പിച്ച് പണം തട്ടുക എന്ന തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. പണം തട്ടുന്നത് വിദേശരാജ്യങ്ങളില്‍ ഉള്ള പാവം ഉപഭോക്താക്കളുടെ ആയതിനാല്‍ അവര്‍ പൊലീസില്‍ പരാതിപ്പെടാനൊന്നും മെനക്കെടില്ല.

നൈജീരിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രശസ്തമാണ്. ഇതേ രീതിയിലാണ് ഇന്ത്യയിലെ ചില തട്ടിപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും. കോടിക്കണക്കിനാണ് ഇത്തരം കമ്പനികള്‍ വാരിക്കൂട്ടുന്നത്. ചെയ്യുന്നതോ ഇല്ലാത്ത സേവനം അടിച്ചേല്‍പിക്കുക എന്നത് മാത്രം.

ഹാക്ക് ചെയ്യപ്പെട്ട കമ്പായൂട്ടറില്‍ ഇവര്‍ ആവശ്യപ്പെടുന്ന സോഫ്റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ആ കമ്പ്യൂട്ടര്‍ ഉപയോഗശൂന്യമാകും എന്ന് ഇത്തരം ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ പറയുന്നു. ഭീഷണിയാണ് പ്രധാന ആയുധം. ഇങ്ങനെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു 'ടാര്‍ഗറ്റ്' ഉണ്ടെന്നും അവര്‍ പറയുന്നു.

വലിയ വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ലാത്ത ജോലിയാണിതെന്നും പറയപ്പെടുന്നു. വേണ്ടത് ഇംഗ്ലീഷില്‍ സംസാരിച്ച് പേടിപ്പിക്കാനുള്ള കഴിവ് മാത്രം.

ഇത്തരം കമ്പനികള്‍ പിടിക്കപ്പെടാനും സാധ്യത കുറവാണ്. തുടങ്ങാനും അവസാനിപ്പിക്കാനുമെല്ലാം എളുപ്പമാണ് ഈ കമ്പനികള്‍. ആപ്പിളിനും മൈക്രോസോഫ്റ്റിനുമെല്ലാം ഈ വിഷയം അറിയാം. ദിവസം പതിനായിരക്കണക്കിനു പരാതികള്‍ അവര്‍ക്ക് കിട്ടുന്നുണ്ട്. പരാതിക്കാര്‍ നേരിട്ട് ഹാജരാകണം എന്നത് കൊണ്ട് മിക്കവരും ഒരു ഇ-മെയില്‍ അയച്ച് പണം നഷ്ടപ്പെട്ട കാര്യം മറക്കാന്‍ ശ്രമിക്കും.

ഇന്ത്യ പോലെ ഐറ്റി രംഗത്ത് കുതിച്ചു ചാടുന്ന രാജ്യത്തിന്‌റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഇത്തരം കമ്പനികളുടെ ചതിക്കുഴികള്‍.