ടിക് ടോക് വീഡിയോയുടെ പേരിൽ കൊലപാതകം; ഒരാൾ അറസ്റ്റിൽ

ഇരുവരും ചേർന്ന് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയെച്ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ടിക് ടോക് വീഡിയോയുടെ പേരിൽ കൊലപാതകം; ഒരാൾ അറസ്റ്റിൽ

തമിഴ്നാട്ടിൽ ടിക് ടോക് വീഡിയോയുടെ പേരിൽ കൊലപാതകം. 31 കാരനായ വെങ്കട്ടരാമനാണ് സുഹൃത്ത് ശിവയെ (28) കൊലപ്പെടുത്തിയത്. ഇരുവരും ചേർന്ന് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത കീഴാള സമൂഹത്തെ അപമാനിക്കുന്ന ഒരു വീഡിയോയെച്ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെങ്കട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ തിരുവള്ളൂര്‍ ജില്ലയിലെ ഇവരുടെ ഗ്രാമമായ തലമ്പേട് ഗ്രാമത്തില്‍ ഇത് അധസ്ഥിത വിഭാഗക്കാരുടെ പ്രതിഷേധത്തിന് കാരണമായി. വെങ്കട്ടരാമന്റെ വീടിനു മുന്നില്‍ പ്രകടനം നടത്തിയവര്‍ ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ടു പേരും ഒളിവില്‍ പോയതിനു പിന്നാലെ ചോദ്യം ചെയ്യാനായി വെങ്കട്ടരാമന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിഡിയോ പോസ്റ്റ് ചെയ്തതിനെ ചൊല്ലി വെങ്കട്ടരാമനും ശിവയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് തിരുത്താനി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ വെങ്കട്ടരാമനെ അറസ്റ്റ് ചെയ്തുവെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ടിക് ടോക് നിരോധിക്കാന്‍ ആലോചിക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ഈ മാസാദ്യം വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ആപ്പ് നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി എം. മണികണ്ഠയാണ് നിയമസഭയെ അറിയിച്ചത്. ടിക് ടോക് ആപ്പ് ഇന്ത്യന്‍ സംസ്‌കാരത്തിനു തന്നെ വെല്ലുവിളിയാണെന്ന് നാഗപട്ടണം എംഎല്‍എ തമീം അന്‍സാരി പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ മറുപടി.

Read More >>