കളിയിക്കാവിളയിൽ കെഎസ്ആർടിസി ബസ് തകർക്കാനെത്തിയ സംഘപരിവാറുകാരെ വിറപ്പിച്ച് എസ്ഐ; വീഡിയോ വൈറൽ

മുന്നിൽ നിരന്നു നിൽക്കുന്ന ഒരു കൂട്ടം സംഘപരിവാർ പ്രവർത്തകരോട് ഒറ്റക്കാണ് എസ്ഐ സംസാരിക്കുന്നത്.

കളിയിക്കാവിളയിൽ കെഎസ്ആർടിസി ബസ് തകർക്കാനെത്തിയ സംഘപരിവാറുകാരെ വിറപ്പിച്ച് എസ്ഐ; വീഡിയോ വൈറൽ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ സംഘപരിവാർ നടത്തിയ ഹർത്താലിൽ അക്രമികളെ വിറപ്പിച്ച തമിഴ്നാട് എസ്ഐയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. തമിഴ്നാട്-കേരള അതിർത്തിയിലെ കളിയിക്കാവിളയിൽ കെഎസ്ആർടിസി ബസ്സ് തകർക്കാനെത്തിയ സംഘപരിവാറുകാരെയാണ് എസ്ഐ വെല്ലു വിളിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

മുന്നിൽ നിരന്നു നിൽക്കുന്ന ഒരു കൂട്ടം സംഘപരിവാർ പ്രവർത്തകരോട് ഒറ്റക്കാണ് എസ്ഐ സംസാരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ വണ്ടിയെ തൊട്ടു നോക്കെന്ന് വെല്ലുവിളിക്കുന്ന അദ്ദേഹം അക്രമാസക്തരായ ആ ജനക്കൂട്ടത്തെ വിറപ്പിച്ചു നിർത്തുന്നുണ്ട്. വണ്ടിയെ തൊടുന്നോടാ എന്ന് ചോദിച്ച് കൈ ചൂണ്ടി അക്രമകാരികളോട് സംസാരിച്ചു തുടങ്ങുന്ന എസ്ഐയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വണ്ടി ഞങ്ങൾ തകർക്കും എന്ന ആൾക്കൂട്ടത്തിൻ്റെ പ്രതികരണത്തിന് ആൺകുട്ടിയാൽ വണ്ടിയെ തൊട്ടു നോക്കടാ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. അദ്ദേഹമുൾപ്പെടെ വെറും മൂന്ന് പൊലീസുകാരെ മാത്രമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

ഹർത്താലുമായി ബന്ധപ്പെട്ട് വലിയ നാശനഷ്ടങ്ങളാണ് കെഎസ്ആർടിസിക്ക് ഉണ്ടായിരിക്കുന്നത്. കല്ലേറിൽ 100 കെഎസ്ആർടിസി ബസ്സുകളാണ് തകർന്നത്. ഇതിൽ 23 എണ്ണവുമായി എംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി കഴിഞ്ഞ ദിവസം വിലാപയാത്ര നടത്തിയിരുന്നു. അക്രമ സംഭവങ്ങളിലൂടെ കെഎസ്ആർടിസിയ്ക്ക് മാത്രം 3.35 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തുടനീളം അക്രമകാരികൾ നടത്തിയ അഴിഞ്ഞാട്ടം ദശകോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.