പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തമിഴ്‌നാട് കര്‍ഷകര്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചു

പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കാം എന്ന ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് ഏഴംഗ കര്‍ഷക സംഘം നഗ്നരായി പ്രതിഷേധം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തമിഴ്‌നാട് കര്‍ഷകര്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചു

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ജന്തര്‍ മന്ദിറിനടുത്ത് പ്രതിഷേധം നടത്തിവരികയായിരുന്ന സമരക്കാരാണ് ഇന്ന് തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. ഇതോടെ പോലീസ് ഇവരെ സംഭവസ്ഥലത്ത് നിന്ന് നീക്കി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കാം എന്ന ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് ഏഴംഗ കര്‍ഷക സംഘം നഗ്നരായി പ്രതിഷേധം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നിവേദനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ദൂതന്‍ വഴി കൊടുത്തയയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. ഇതിന് ശേഷം പോലീസ് വാഹനത്തില്‍ കൊണ്ടുപോകും വഴി സമരക്കാരിലൊരാള്‍ പുറത്തേക്ക് ചാടി തുണിയഴിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ മറ്റ് രണ്ട് പേര്‍ കൂടി വാഹനത്തില്‍ നിന്ന് ചാടി സമാന രീതിയില്‍ പ്രതിഷേധം നടത്തി.

സംസ്ഥാനത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 40,000 കോടി കേന്ദ്ര സഹായമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ കാര്‍ഷിക തകര്‍ച്ചയുടെ ഫലമായി ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ തലയോട്ടി പ്രദര്‍ശിപ്പിച്ചും എലിയെ ഭക്ഷിച്ചും ഇവര്‍ സമരം നടത്തിയിരുന്നു. തങ്ങളുടെ ദുരിതം മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്ത്രീകളുള്‍പ്പെടുന്ന സംഘം കൈ മുറിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.