തമിഴ് കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു; ജന്തര്‍ മന്ദറില്‍ മൂത്രം കുടിച്ച് സമരം

ഇനിയും തങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ മലം തിന്ന് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി

തമിഴ് കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു; ജന്തര്‍ മന്ദറില്‍ മൂത്രം കുടിച്ച് സമരം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വരള്‍ച്ചയ്ക്ക് ദുരിതാശ്വാസം നല്‍കണമെന്നുമാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം ശക്തമാകുന്നു. സമരത്തിന്റെ ഭാഗമായി സംഘം ഇന്ന് മൂത്രം കുടിച്ച് പ്രതിഷേധിച്ചു. ഇനിയും തങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ മലം തിന്ന് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ''ഞങ്ങളെ വേണമെങ്കില്‍ അറസ്റ്റു ചെയ്യാം. എങ്കിലും ഞങ്ങള്‍ സമരം തുടരും'' കര്‍ഷകരിലൊരാള്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി കൈകളിലേന്തിയും നഗ്നരായുമൊക്കെ കര്‍ഷകര്‍ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു. പ്രതീകാത്മക ശവസംസ്‌കാരം നടത്തിയും സ്വന്തം ശരീരത്തെ മര്‍ദ്ദിച്ചും വ്യത്യസ്തമായ പ്രതിഷേധ രീതിയും സംഘം പുറത്തെടുത്തിരുന്നു. ''ഞങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളമില്ല. പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ്. അതിനാല്‍ മൂത്രം കുടിച്ച് ദാഹം തീര്‍ത്ത് ഞങ്ങള്‍ പ്രതിഷേധിക്കുകയാണ്'' നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ലിങ്കിംഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി അയ്യക്കണ്ണ് പറഞ്ഞു. പ്രധാനമന്ത്രിയടക്കമുള്ളവരെ കാണാന്‍ സമരക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.