വികസനം കൊണ്ട് ശ്വാസംമുട്ടൽ; ലോകത്തിനു മുൻപിൽ നാണംകെട്ട് ഇന്ത്യ

ഞായറാഴ്ച എയർ ക്വാളിറ്റി ഇൻഡക്സ് (എഐക്യു) നടത്തിയ പഠനത്തിൽ ഡൽഹിയിലെ വായു ഏറ്റവും മോശം നിലവാരത്തിലാണുള്ളത് എന്ന് കണ്ടെത്തി. 12.30ന് അന്തരീക്ഷത്തിലെ പൊടിപടലം 338 എന്ന അപകടകരമായ നിലയിലെത്തിയാതായി എഐക്യു അറിയിച്ചു. ഈ സമയത്താണ് കളി നിർത്തി വയ്ക്കുന്ന സാഹചര്യം ഉണ്ടായത്. പത്രങ്ങൾ കൊളോമ്പോയിലെ എയർ ക്വാളിറ്റി റേറ്റിംഗ് 89 ആണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ പരിഹസിച്ചു.- സുശ്രുതൻ ആസാദ് എഴുതുന്നു

വികസനം കൊണ്ട് ശ്വാസംമുട്ടൽ; ലോകത്തിനു മുൻപിൽ നാണംകെട്ട്  ഇന്ത്യ

ഇന്ത്യ 2016ൽ 7.1 ശതമാനം സാമ്പത്തിക വളർച്ച നേടിയ രാജ്യമാണ്. സൈനിക ശേഷിയും അണ്വായുധവും വിദേശ നിക്ഷേപകരും ഒക്കെ ഇന്ത്യയെ അയൽരാജ്യങ്ങളേക്കാൾ മുന്നിൽ നിർത്തുന്നു. അതേസമയം ശ്രീലങ്ക 2016ൽ 4.4 ശതമാനം മാത്രം വളർച്ച നേടിയ അവികസിത രാജ്യമാണ്. ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ഇന്ത്യൻ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മത്സരം വികസനത്തെപ്പറ്റിയും പുരോഗതിയെപ്പറ്റിയുമുള്ള നിലവിലെ ചിന്തകളെ തിരുത്തുന്നതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം വായുമലിനീകരണം മൂലം മുടങ്ങിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഡൽഹിയിലെ ഫിറോട്ഷാ കോട്ല മൈതാനത്ത് നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. ആദ്യ രണ്ടു ദിനങ്ങളിൽ വായുമലിനീകരണം ചില കളിക്കാരെ മാസ്ക് ധരിക്കാൻ നിർബന്ധിതരാക്കി. എന്നാൽ മൂന്നാം ദിവസം കളി മൂന്നുതവണയായി 26 മിനിറ്റോളം നിർത്തി വച്ചതോടെയാണ് ഇന്ത്യ കുപ്രസിദ്ധരായി ചരിത്രത്തിൽ സ്ഥാനം നേടിയത്. മൂന്നാം ദിവസം മൂന്നുതവണയാണ് കളി നിർത്തിവച്ചത്.

ഫീൽഡ് ചെയ്തിരുന്ന ശ്രീലങ്കൻ ടീമിലെ ബൗളർ ഛർദ്ദിച്ചു. മാസ്ക് ധരിക്കാനായും കളി നിർത്തിവച്ചു. വിവാദമൊഴിവാക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ശ്രീലങ്കൻ കളിക്കാർ മനഃപൂർവം ഇന്ത്യയെ അപമാനിച്ചു എന്നും ക്രിക്കറ്റ് നമ്മുടെ ഉത്തരവാദിത്വമാണെന്നും പ്രതികരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. നാലാം ദിവസം ഇന്ത്യൻ ബോളർ മുഹമ്മദ് ഷമി അവശനായി പിൻവാങ്ങിയിട്ടും കളി തുടരുകയാണ് ചെയ്യുന്നത്. ക്രിക്കറ്റിനെ രാജ്യസ്നേഹം വളർത്താനുള്ള ഉപാധിയായി കാണുന്നവർ യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്ന ആരാധകരും കളിക്കാരും സൂര്യനെ ചിരട്ടകൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണ്.

ഞായറാഴ്ച എയർ ക്വാളിറ്റി ഇൻഡക്സ് (എഐക്യു) നടത്തിയ പഠനത്തിൽ ഡൽഹിയിലെ വായു ഏറ്റവും മോശം നിലവാരത്തിലാണുള്ളത് എന്ന് കണ്ടെത്തി. 12.30ന് അന്തരീക്ഷത്തിലെ പൊടിപടലം 338 എന്ന അപകടകരമായ നിലയിലെത്തിയാതായി എഐക്യു അറിയിച്ചു. ഈ സമയത്താണ് കളി നിർത്തി വയ്ക്കുന്ന സാഹചര്യം ഉണ്ടായത്. പത്രങ്ങൾ കൊളംബോയിലെ എയർ ക്വാളിറ്റി റേറ്റിംഗ് 89 ആണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ പരിഹസിച്ചു.

രാഷ്ട്രീയപ്പോരുകൾക്കും മതസ്പർദ്ധകൾക്കും വികസന സ്വപ്നങ്ങൾക്കുമിടയിൽ പ്രകൃതിയെ മറക്കുന്നത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് കോട്ടം വീഴ്ത്തുമെന്നതിന് തെളിവാണ് ഈ സംഭവം. സൈനികശക്തിയും സാമ്പത്തിക വളർച്ചയും ഉണ്ടായാലും മനുഷ്യജീവിതം അസാധ്യമാക്കുന്ന കാലാവസ്ഥയിലേക്ക് പ്രകൃതിയെ തള്ളിവിടുന്നത് തെറ്റാണെന്ന് ഇനിയെങ്കിലും ഇന്ത്യ പഠിക്കുമോ?

കൃഷിയിടങ്ങൾ കത്തിക്കുന്നതാണ് മലിനീകരണത്തിന്റെ കാരണമെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു . വാഹനങ്ങൾ, താപനിലയങ്ങൾ എന്നിവയിൽ നിന്നുള്ള പുക, നിർമാണ സ്ഥലങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ എന്നിവയാണ് മലിനീകരണത്തിനു പിന്നിലെന്ന് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താപനിലയങ്ങൾക്ക് നിലവിലെ സംവിധാനം അടിയന്തരമായി മാറ്റാൻ നിർദേശവും നൽകിയിട്ടുണ്ട്. പവർപ്ലാന്റുകൾ പുറന്തള്ളുന്ന മാലിന്യങ്ങളായ നൈട്രജൻ ഓക്സൈഡും സൾഫർ ഓക്സൈഡുമാണ് വായുവിലുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ഉണ്ടാക്കുകയും ഓസോൺ പാളി തകർക്കുകയും ചെയ്യുന്ന വിഷ വാതകങ്ങളാണിവ.

ടെസ്റ്റ് ജയിച്ചാലും ഇല്ലെങ്കിലും ന്യൂഡൽഹിയെ കായിക മേഖല കയ്യൊഴിയുകയാണ്. ഇവിടെ നടത്താനിരുന്ന രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റിവച്ചു. ഫിറോട്ഷാ കോട്ല മൈതാനം ഹോം ഗ്രൗണ്ടായ ടീമുകൾ പരിശീലനത്തിനായി മാസ്ക് ധരിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലോകവാർത്തകളിൽ ഇടം പിടിച്ച കളി നിർത്തൽ വിവാദം ഡൽഹിയിലെ ടൂറിസം മേഖലയെയും മോശമായി ബാധിക്കുമെന്നാണ് സൂചന. രാജ്യസ്നേഹം കൂടിപ്പോയ ക്രിക്കറ്റ് താരങ്ങൾ ഇനിയും ഡൽഹിയിൽ കളി തുടർന്നാൽ അത് അവരുടെ ഭാവിയെത്തന്നെ മോശമായി ബാധിക്കുമെന്നതിന് പഠനങ്ങൾ സാക്ഷിയാണ്.

രാഷ്ട്രീയപ്പോരുകൾക്കും മതസ്പർദ്ധകൾക്കും വികസന സ്വപ്നങ്ങൾക്കുമിടയിൽ പ്രകൃതിയെ മറക്കുന്നത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് കോട്ടം വീഴ്ത്തുമെന്നതിന് തെളിവാണ് ഈ സംഭവം. സൈനികശക്തിയും സാമ്പത്തിക വളർച്ചയും ഉണ്ടായാലും മനുഷ്യജീവിതം അസാധ്യമാക്കുന്ന കാലാവസ്ഥയിലേക്ക് പ്രകൃതിയെ തള്ളിവിടുന്നത് തെറ്റാണെന്ന് ഇനിയെങ്കിലും ഇന്ത്യ പഠിക്കുമോ?

Read More >>