നാവികസേന ഉദ്യോഗസ്ഥനെ വധിക്കാനുള്ള തീരുമാനം: ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സുഷമ സ്വരാജ്

ഗുല്‍ഭൂഷണ്‍ ചാരപ്രവൃത്തി നടത്തിയതായി തെളിയിക്കുന്ന യാതൊന്നും പാക്കിസ്താന്റെ കൈവശമില്ലെന്ന് സുഷമ പറഞ്ഞു.

നാവികസേന ഉദ്യോഗസ്ഥനെ വധിക്കാനുള്ള തീരുമാനം: ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സുഷമ സ്വരാജ്

മുന്‍ ഇന്ത്യന്‍ നാവികസേനാംഗമായ ഗുല്‍ഭൂഷണ്‍ ജാധവിനെ ചാരനെന്ന് ആരോപിച്ച് വധിക്കാനുള്ള പാക്കിസ്താന്റെ തീരുമാനത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്ത്. പാക്കിസ്താന്റെ നടപടി 'മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകം' ആണെന്ന് പറഞ്ഞ സുഷമ ഗുല്‍ഭൂഷണന്‍ ഇന്ത്യയുടെ മകനാണെന്ന് പറഞ്ഞു. ജാധവിനെ വധിക്കാനുള്ള തീരുമാനവുമായി പാക്കിസ്താന്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാകുമെന്ന് സുഷമ മുന്നറിയിപ്പ് നല്‍കി.

''നടപടിയുമായി മുന്നോട്ടു പോകുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാകുമെന്ന് ഞാന്‍ പാക്കിസ്താന് മുന്നറിയിപ്പ് നല്‍കുന്നു'' സുഷമ രാജ്യസഭയില്‍ പറഞ്ഞു. ഗുല്‍ഭൂഷണ്‍ ജാധവിനെ ചാരപ്രവൃത്തി ആരോപിച്ച് വധിക്കാനുള്ള തീരുമാനം പാക്കിസ്താന്‍ സൈന്യം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ബലൂചിസ്ഥാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് മുന്‍ നാവികസേന ജീവനക്കാരനായ ഇദ്ദേഹത്തെ സൈന്യം പിടികൂടിയത്. ഗുല്‍ഭൂഷണ്‍ ചാരപ്രവൃത്തി നടത്തിയതായി തെളിയിക്കുന്ന യാതൊന്നും പാക്കിസ്താന്റെ കൈവശമില്ലെന്ന് സുഷമ പറഞ്ഞു. ഗുല്‍ഭൂഷണെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും ഇന്ത്യ നടത്തുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ''ഇതിനായി മികച്ച അഭിഭാഷകനെ ഏര്‍പ്പെടുത്തുകയെന്നത് നിസാരമായ കാര്യമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിയാലോചനകള്‍ നടത്തുമെന്ന് സുഷമ പറഞ്ഞു.

ഗുല്‍ഭൂഷണ് നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 'കംഗാരു കോടതി' മാതൃകയിലുള്ള വിചാരണ നടത്തിയാണ് ഗുല്‍ഭൂഷണെ വധിക്കാന്‍ പാക്കിസ്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനീവ കണ്‍വെന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് പാക്കിസ്താന്റെ നടപടി. ജാധവിന് തന്റെ ഭാഗം വിശദീകരിക്കാന്‍ കൂടി പാക്കിസ്താന്‍ അവസരം നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനിലെ ചാബദാറില്‍ ബിസിന് നടത്തിവരികയായിരുന്ന ഗുല്‍ഭൂഷണിനെ പാക്കിസ്താന്‍ തട്ടിക്കൊണ്ടുപോയി ചാരപ്രവൃത്തി ആരോപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള അംഗങ്ങള്‍ പാക്കിസ്താന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു.