പാക്കിസ്താനില്‍ കാണാതായ നിസാമുദ്ദീന്‍ ദര്‍ഗ പുരോഹിതര്‍ നാളെ ഇന്ത്യയിലെത്തുമെന്ന് സുഷമ സ്വരാജ്

പാക്കിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐ ഇരുവരേയും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാക്കിസ്താനില്‍ കാണാതായ നിസാമുദ്ദീന്‍ ദര്‍ഗ പുരോഹിതര്‍ നാളെ ഇന്ത്യയിലെത്തുമെന്ന് സുഷമ സ്വരാജ്

പാക്കിസ്താനില്‍ കാണാതായ നിസാമുദ്ദീന്‍ ദര്‍ഗ പുരോഹിതര്‍ സുരക്ഷിതരാണെന്നും നാളെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ന് ട്വിറ്ററിലാണ് സുഷമ ഇക്കാര്യമറിയിച്ചത്. ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമി, അദ്ദേഹത്തിന്റെ മരുമകനും മറ്റൊരു പുരോഹിതനുമായ നാസിം അലി നിസാമി എന്നിവരെയാണ് പാക്കിസ്താനില്‍ കാണാതായത്.

മാര്‍ച്ച് എട്ടിന് പാക്കിസ്താന്‍ സന്ദര്‍ശിക്കാന്‍ പോയ ഇരുവരേയും ഈ മാസം 14നാണ് ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് കാണാതായത്. പാക്കിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐ ഇരുവരേയും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്താന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തിയതായി സുഷമ ട്വീറ്റ് ചെയ്തു. കറാച്ചിയിലേക്ക് പോകാനായി ഷഹീന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇരിക്കവേയാണ് ഇരുവരേയും അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. നിരോധിത സംഘടനയായ മുത്തഹിദ ക്വാമി മൂവ്‌മെന്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിഭജനകാലത്ത് ഇന്ത്യയില്‍ നിന്ന് പോയവര്‍ക്ക് സ്വാധീനമുള്ള സംഘടനയാണ് മുത്തഹിദയെന്ന് പറയപ്പെടുന്നു. സംഘടനയുടെ നേതാവ് അല്‍ത്താഫ് ഹുസൈന്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുകയാണ്. കറാച്ചിയിലുള്ള സഹോദരിയോടൊപ്പം താമസിക്കുകയായിരുന്ന ആസിഫ് അലി ലാഹോറിലുള്ള ചില സൂഫി പള്ളികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം കറാച്ചിയിലേക്ക് തിരികെപ്പോകാന്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ബുധനാഴ്ച വൈകിട്ട് 4.25 മുതല്‍ ആസിഫ് അലിയുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ന്യൂഡല്‍ഹിയിലെ പ്രശസ്തമായ സൂഫി ആരാധനാലയമാണ് നിസാമുദ്ദീന്‍ ദര്‍ഗ.