തരൂരിന്റെ സഹായം വേണ്ടാ, പ്രമേയം തയ്യാറാക്കാന്‍ ഓഫീസില്‍ ആളുണ്ട്; സുഷമ സ്വരാജ്

ശശി തരൂരിനോട് ഇന്ത്യയുടെ പ്രതികരണം പ്രമേയമായി തയാറാക്കാന്‍ സുഷമ ആവശ്യപ്പെടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ അനുവാദം വാങ്ങി ശശി തരൂര്‍ പ്രമേയം തയാറാക്കാമെന്ന് സമ്മതിച്ചു എന്നുമാണ് വാര്‍ത്ത പരന്നത്

തരൂരിന്റെ സഹായം വേണ്ടാ, പ്രമേയം തയ്യാറാക്കാന്‍ ഓഫീസില്‍ ആളുണ്ട്; സുഷമ സ്വരാജ്

പാക് സൈനിക കോടതിയുടെ തീരുമാനത്തെ അപലപിക്കുന്ന പ്രമേയം തയാറാക്കാന്‍ ശശി തരൂര്‍ എംപി തന്നെ സഹായിച്ചെന്ന റിപ്പോര്‍ട്ട് വ്യാജവും ദോഷഫലങ്ങള്‍ക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം

മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാക് സൈനിക കോടതിയുടെ വിധിക്കെതിരെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രമേയമുണ്ടായത്. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ശശി തരൂരിനോട് ഇന്ത്യയുടെ പ്രതികരണം പ്രമേയമായി തയാറാക്കാന്‍ സുഷമ ആവശ്യപ്പെടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ അനുവാദം വാങ്ങി ശശി തരൂര്‍ പ്രമേയം തയാറാക്കാമെന്ന് സമ്മതിച്ചു എന്നുമാണ് വാര്‍ത്ത വന്നത്.

കുല്‍ഭൂഷണനെതിരായ പാക് നടപടി ഇന്ത്യയിലെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും ഇത്തരമൊരു ദൗത്യം തന്നെ ഏല്‍പ്പിച്ചതില്‍ സന്തോഷമണ്ടെന്നും ശശിതരൂര്‍ കൂടി പ്രതികരിച്ചതോടെ വാര്‍ത്ത‍ പ്രചരിക്കുവാന്‍ തുടങ്ങി. ഇതിനെതിരെയാണ് സുഷമ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

തന്റെ മന്ത്രാലയത്തില്‍ കഴിവും പ്രാഗത്ഭ്യവുമുള്ളവര്‍ക്ക് ഒരു കുറവുമില്ല. വളരെയധികം കാര്യക്ഷമതയുള്ള ധാരാളം സെക്രട്ടറിമാര്‍ തന്നെ സഹായിക്കാനുണ്ടെന്നായിരുന്നു ആദ്യ ട്വീറ്റ്.പിന്നീടാണ് വ്യാജവും ദോഷഫലങ്ങള്‍ക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നും മന്ത്രി ആരോപിക്കുന്നത്