'ജസ്റ്റീസ് കർണന് മാനസിക നില തെറ്റി'; വൈദ്യപരിശോധനയ്ക്ക് അയക്കണമെന്നും സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ജഡ്ജിക്കെതിരെ ഇത്രയും കടുത്ത പരാമർശങ്ങൾ നടത്തിയത്. കർണനെതിരെ നടന്നുവരുന്ന കോടതിയലക്ഷ്യക്കേസിന്റെ വിചാരണക്കിടെയാണ് കോടതിയലക്ഷ്യക്കേസിലാണ് സുപ്രീം കോടതി ഇപ്പോൾ കടുത്ത പരാമർശങ്ങൾ നടത്തിയത്. ഈ മാസം അഞ്ചാം തീയതി വൈദ്യപരിശോധന നടത്താനും ഇതുസംബന്ധിച്ച റിപ്പോർട്ട് എട്ടിന് സമർപ്പിക്കണമെന്നുമാണ് സുപ്രീംകോടതി വിധി.

ജസ്റ്റീസ് കർണന് മാനസിക നില തെറ്റി; വൈദ്യപരിശോധനയ്ക്ക് അയക്കണമെന്നും സുപ്രീംകോടതി

ജസ്റ്റീസ് കർണന് മാനസിക നില തെറ്റിയെന്നും വൈദ്യപരിശോധനക്ക് അയക്കണമെന്നും സുപ്രീം കോടതി. ജസ്റ്റീസ് സി എസ് കർണന്റെ ഫെബ്രുവരി എട്ടിന് ശേഷമുള്ള വിധികൾ നടപ്പിലാക്കരുതെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ജഡ്ജിക്കെതിരെ ഇത്രയും കടുത്ത പരാമർശങ്ങൾ നടത്തിയത്.

കർണനെതിരെ നടന്നുവരുന്ന കോടതിയലക്ഷ്യക്കേസിന്റെ വിചാരണക്കിടെയാണ് സുപ്രീം കോടതി ഇപ്പോൾ കടുത്ത പരാമർശങ്ങൾ നടത്തിയത്. ഈ മാസം അഞ്ചാം തീയതി വൈദ്യപരിശോധന നടത്താനും ഇതുസംബന്ധിച്ച റിപ്പോർട്ട് എട്ടിന് സമർപ്പിക്കണമെന്നുമാണ് സുപ്രീംകോടതി വിധി. ട്രൈബ്യുണലുകളുൾപ്പെടെ ആരും ജസ്റ്റീസ് കർണന്റെ ഫെബ്രുവരി എട്ടിന് ശേഷമുള്ള വിധി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി നിർദേശിച്ചു.

നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ ജോലി ചെയ്യവേ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെ, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തുടങ്ങിയവർക്ക് കർണൻ കത്തയച്ചിരുന്നു. ചില ജഡ്ജിമാർ അഴിമതിക്കാരാണെന്നും ആരോപണമുയർത്തിയിരുന്നു. ഇതാണ് കോടതിയലക്ഷ്യമായത്.

കോടതിയലക്ഷ്യ പെരുമാറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് ജസ്റ്റിസ് കർണൻ തന്നെ സ്റ്റേ ചെയ്തു. തുടർന്ന് അതേദിവസം തന്നെ സുപ്രീംകോടതി കർണന്റെ സ്റ്റേ ഉത്തരവ് റദ്ദാക്കി. ഇതോടെ ജസ്റ്റീസ് കർണ്ണനും സുപ്രീംകോടതിയും തമ്മിൽ തുറന്നപോര് ആരംഭിച്ചു.

നേരത്തെ കോടതിയലക്ഷ്യക്കേസിൽ ഹാജരാവാതിരുന്നതിനെ തുടർന്ന് സുപ്രീം കോടതി കർണനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തോടെയുള്ള അറസ്റ്റ് വാറന്റ് ആയിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവിനെ കര്‍ണന്‍ വെല്ലുവിളിച്ചതായി ഈ ഘട്ടത്തിൽ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പ്രസ്താവിച്ചിരുന്നു.

കര്‍ണനോട് നേരിട്ട് ഹാജരാവാന്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കൊൽക്കത്ത ഹൈക്കോടതിയില്‍ അദ്ദേഹം ജോലിചെയ്യുന്നത് തടയുകയും ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ ഹാജരാവാതിരുന്ന ജസ്റ്റീസ് കർണൻ ഫെബ്രുവരി പത്തിന് സുപ്രീംകോടതിക്ക് കത്തയക്കുകയാണ് ഉണ്ടായത്. ദളിതനായതിനാലാണ് തനിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും വിഷയം പാര്‍ലമെന്റിന് കൈമാറണമെന്നുമാണ് കത്തിൽ ജസ്റ്റീസ് കർണൻ സൂചിപ്പിച്ചിരുന്നത്.

Read More >>