നാരദ ഒളിക്യാമറ ഓപ്പറേഷന്‍; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി തള്ളി

ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.

നാരദ ഒളിക്യാമറ ഓപ്പറേഷന്‍; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി തള്ളി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തുകൊണ്ടുവന്ന നാരദ സ്റ്റിങ്‌ ഓപ്പറേഷനെക്കുറിച്ചുള്ള സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ ഹരജി സുപ്രീം കോടതി തള്ളി. സിബിഐ അന്വേഷണം ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെയാണ് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിച്ചു.

ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്. ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്. നാരദയ്ക്ക് വേണ്ടി പ്രശാന്ത് ഭൂഷണും പി വി ദിനേശും ഹാജരായപ്പോള്‍ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി കപില്‍ സിബലും ഗോപാല്‍ സുബ്രഹ്മണ്യനും ഹാജരായി.

Read More >>