ശിക്ഷ പിന്‍വലിക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കും; കര്‍ണനെ കണ്ടെത്താനാകാതെ പൊലീസ്

കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കര്‍ണന്റെ അപേക്ഷ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ വ്യക്തമാക്കി. കര്‍ണന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ അഭിഭാഷകന്‍ നിഷേധിച്ചു.

ശിക്ഷ പിന്‍വലിക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കും; കര്‍ണനെ കണ്ടെത്താനാകാതെ പൊലീസ്

കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവുശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ വ്യക്തമാക്കി.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കര്‍ണന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തള്ളി. ജസ്റ്റിസ് കര്‍ണന്‍ ഒളിവിലല്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കന്‍ കൊല്‍ക്കത്ത പൊലീസ് സംഘം ചെന്നൈയിലെ വിവിധയിടങ്ങളില്‍ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

താമസ സ്ഥലം തുടര്‍ച്ചയായി മാറി കര്‍ണന്‍ അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെ വരെ ചെപ്പോക്കിലുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ജസ്റ്റിസ് കര്‍ണന്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പിന്നീട് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശില്‍ തിരുപ്പതിയ്ക്കു സമീപത്തുള്ള കാളഹസ്തി ക്ഷേത്രത്തിലേക്ക് പോയെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ആന്ധ്രാ- തമിഴ്‌നാട് അതിര്‍ത്തികളിലും പ്രധാനപാതകളിലും തെരച്ചില്‍ ശകതമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ജസ്റ്റിസ് കര്‍ണനു വേണ്ടി സുപ്രീം കോടതിയില്‍ അഭിഭാഷകനെത്തിയത്. നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രീം കോടതി എടുത്തു കളഞ്ഞിരുന്നു.