മുന്‍ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25% ജീവനാംശം നല്‍കണം: സുപ്രീം കോടതി

വിവാഹമോചനത്തിനു ശേഷം സ്ത്രീയ്ക്ക് മാന്യമായി ജീവിക്കാനുള്ള വരുമാനം ലഭിക്കണമെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25% ജീവനാംശമായി നല്‍കണമെന്ന് വിധിച്ചു.

മുന്‍ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25% ജീവനാംശം നല്‍കണം: സുപ്രീം കോടതി

വിവാഹമോചനത്തിനു ശേഷം മുന്‍ ഭാര്യയ്ക്കുള്ള ജീവനാംശം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനമായി സുപ്രീം കോടതി നിജപ്പെടുത്തി. ജസ്റ്റിസ്സുമാരായ ആര്‍ ഭാനുമതി, എം എം സന്താന ഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വെസ്റ്റ് ബംഗാള്‍ ഹൂഗ്ലി സ്വദേശിയായ ഒരാള്‍ തന്റെ മുന്‍ ഭാര്യയ്ക്ക് പ്രതിമാസം 23,000 രൂപ ജീവനാംശം നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി വിധിച്ചിരുന്നു. മാസം 95,527 രൂപ വരുമാനമുള്ള അയാള്‍ വിധിയ്‌ക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തുക അധികമായിപ്പോയി എന്നായിരുന്നു അയാളുടെ പരാതി. സ്ത്രീയ്ക്ക് മാന്യമായി ജീവിക്കാനുള്ള തുക ജീവനാംശമായി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് ബഞ്ച് പറഞ്ഞിരുന്നു.

കല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയില്‍ പിഴവില്ലെന്ന് വിധിച്ച സുപ്രീം കോടതി എന്തായാലും 3000 രൂപ കുറച്ച് തുക 20,000 ആക്കി. വാദി പുനർവിവാഹം ചെയ്തതിനാലാണ് തുക കുറച്ചതെന്ന് കോടതി അറിയിച്ചു.

'ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25% മുന്‍ ഭാര്യയ്ക്ക് നല്‍കുന്നതായിരിക്കും നല്ലത്. ഇരുകക്ഷികളുടെയും വരുമാനം അനുസരിച്ചുള്ള തുക ജീവനാംശമായി നല്‍കുന്നത് സ്ത്രീയ്ക്ക് മാന്യമായി ജീവിക്കാന്‍ മതിയാകുന്നതായിരിക്കണം. കേസിന്റെ യഥാര്‍ഥ അവസ്ഥ അസുസരിച്ചിരിക്കും തുക നിശ്ചയിക്കുന്നത്,' കോടതി പറഞ്ഞു.

ഭര്‍ത്താവിന്റെ ശമ്പളം അനുസരിച്ച് ജീവനാംശം നല്‍കണമെന്ന കൽക്കത്ത ഹൈക്കോടതിയുടെ വിധിയെ ന്യായീകരിച്ച സുപ്രീം കോടതി ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്തതു കൊണ്ട് തുകയില്‍ കുറവ് വരുത്തുകയായിരുന്നു.

2003ല്‍ തുടങ്ങിയ കേസില്‍ ജില്ലാക്കോടതി ആദ്യം 4,500 രൂപയായിരുന്നു ജീവനാംശമായി വിധിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി അത് 16,000 രൂപ ആക്കുകയും 2016 ല്‍ 23,000 രൂപ ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. അപ്പോള്‍ ഭര്‍ത്താവിന്റെ ശമ്പളം 63,842 ല്‍ നിന്നും 95,527 രൂപയായി ഉയര്‍ന്ന സമയമായിരുന്നു.