നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനാപകടത്തിലെന്നു കേന്ദ്രം; സ്ഥിരീകരണം 70 വർഷത്തിനു ശേഷം

നേരത്തെ, 1945 ഓഗസ്റ്റ് 18ന് സുഭാഷ് ചന്ദ്രബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്ന വിവരം അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്‌ല കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഇവ രണ്ടു ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് മൊറാർജി ദേശായി സർക്കാർ ഇക്കാര്യം തള്ളുകയായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനാപകടത്തിലെന്നു കേന്ദ്രം; സ്ഥിരീകരണം 70 വർഷത്തിനു ശേഷം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകൾക്കു അന്ത്യം. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

1945 ഓഗസ്റ്റ് 18 ല്‍ നടന്ന വിമാനാപകടത്തിലാണ് നേതാജി മരിച്ചതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഷാനവാസ് കമ്മിറ്റി, ജസ്റ്റിസ് ജി ഡി ഖോസ്‌ല കമ്മീഷന്‍, ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം.

സായക് സെന്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. നേതാജി വേഷം മാറിയതായി പറയപ്പെടുന്ന, യുപിയില്‍ 1985 വരെ ജീവിച്ചിരുന്ന ഗുംനാമിബാബ അഥവാ ഭഗവാന്‍ജിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാണോ എന്നും സായക് സെന്‍ വിവരാവകാശ അപേക്ഷയിൽ ആരാഞ്ഞിരുന്നു. എന്നാല്‍ മുഖര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ 114 മുതല്‍ 122 വരെയുള്ള പേജുകളില്‍ ഗുംനാമിബാബയെ കുറിച്ച് പറയുന്നുണ്ടെന്നും അത് സുഭാഷ് ചന്ദ്രബോസ് അല്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.

നേരത്തെ, 1945 ഓഗസ്റ്റ് 18ന് സുഭാഷ് ചന്ദ്ര ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്ന വിവരം അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്‌ല കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധത്തെ തുടർന്ന് ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് സർക്കാർ തള്ളിക്കളഞ്ഞു. തുടർന്ന് 1999ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.

ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻ‌മോഹൻ സിങ് സർക്കാർ തള്ളിക്കളഞ്ഞു. ബോസിന്റേതെന്നു സർക്കാർ അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നെഹ്രു, ഇന്ദിരാ ​ഗാന്ധി സർക്കാരുകളുടെ കാലത്തെ കമ്മീഷനുകളുടെ സ്ഥിരീകരണം ശരിവച്ച് കേന്ദ്രസർക്കാർ രം​ഗത്തെത്തിയതോടെ നേതാജിയുടെ മരണം സംബന്ധിച്ച സംശയങ്ങൾക്കാണ് അന്ത്യമുണ്ടായിരിക്കുന്നത്.

Read More >>