യോഗിയെപ്പോലെ മുടിമുറിക്കുക; മീററ്റിലെ സ്വകാര്യ സ്കൂളിൽ അച്ചടക്കത്തിന്റെ പുതുമാനദണ്ഡം

മീററ്റ് നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളോടാണ് യോഗിയെപ്പോലെ മുടി മുറിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തല മുണ്ഡനം ചെയ്യുന്നതിന് ഒക്കുംവിധം പറ്റെ വെട്ടിയ ഹെയർ സ്റ്റൈൽ! പട്ടാളച്ചിട്ടയിൽ അച്ചടക്കം പഠിപ്പിക്കാൻ പണ്ടേ ചില സ്കൂളുകൾ നേവി കട്ട് നിർബന്ധമാക്കാറുണ്ട്. അതിൽ നിന്നും ഒരുപടി കൂടി കടന്നാണ്, ഈ പുതിയ യോഗി കട്ട്.

യോഗിയെപ്പോലെ മുടിമുറിക്കുക; മീററ്റിലെ സ്വകാര്യ സ്കൂളിൽ അച്ചടക്കത്തിന്റെ പുതുമാനദണ്ഡം

മീററ്റ്: യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇന്നിപ്പോൾ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുകയാണോ? മീററ്റ് നഗരത്തിലെ ഒരു സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്, യോഗിയെപ്പോലെ മുടി മുറിക്കാനാണ്. തല മുണ്ഡനം ചെയ്യുന്നതിന് ഒക്കുംവിധം പറ്റെ വെട്ടിയ ഹെയർ സ്റ്റൈൽ! പട്ടാളച്ചിട്ടയിൽ അച്ചടക്കം പഠിപ്പിക്കാൻ പണ്ടേ ചില സ്കൂളുകൾ നേവി കട്ട് നിർബന്ധമാക്കാറുണ്ട്. അതിൽ നിന്നും ഒരുപടി കൂടി കടന്നാണ്, ഈ പുതിയ യോഗി കട്ട്.

എന്നാൽ മാതാപിതാക്കളും വിദ്യാർത്ഥികളും അത്ര സന്തോഷത്തോടെയല്ല, ഈ നിർദ്ദേശത്തെ സ്വീകരിക്കുന്നത്. സ്കൂളിന്റെ നിയമാവലി അതിൽ ഒതുങ്ങുന്നുമില്ല. വിദ്യാർത്ഥികൾ സസ്യാഹാരം മാത്രമേ സ്കൂളിലേക്കു കൊണ്ടുവരാൻ പാടുള്ളുവെന്നും ചോറ്റുപാത്രത്തിൽ മാംസാഹാരം കണ്ടെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കും എന്നുമാണ് മറ്റൊരു ഡിക്തത്.

ഋഷഭ് അക്കാദമി സ്കൂൾ‌ സദർ ആണ് ഈ നിർദ്ദേശങ്ങളുമായി റിങ് മാസ്റ്റർ കളിക്കാൻ ഇറങ്ങിയിരിക്കുന്നത്. അതിൽ പ്രതിഷേധിച്ചു ചില മാതാപിതാക്കൾ വ്യാഴാഴ്ച സ്കൂളിനു മുന്നിൽ ധർണ നടത്തുകയും മാനേജ്മെന്റിനെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുടി പറ്റെ വെട്ടുന്നതു സമ്മതിക്കാം, എന്നാൽ തല മുണ്ഡനം ചെയ്യുക എന്നത് അംഗീകരിക്കാനാവില്ല എന്ന് ഇവർ പറയുന്നു.

നിർദ്ദേശം അനുസരിക്കാത്ത തങ്ങളെ സ്കൂൾ അധികൃതർ തല്ലിയതായി ചില വിദ്യാർത്ഥികൾ പരാതിപ്പെട്ടു. എന്നാൽ ആരോപണം നിഷേധിച്ച സ്കൂൾ മാനേജർ രഞ്ജിത്ത് ജയിൻ, കുട്ടികളോടു പട്ടാള ശൈലിൽ മുടിവെട്ടാൻ ആവശ്യപ്പെട്ടതായി സമ്മതിച്ചു. "ഇത് അച്ചടക്കത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾ മുടി നീട്ടിവളർത്തുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല," അദ്ദേഹം അഭിപ്രായപ്പെട്ടു.

മുട്ടയും ആട്ടിറച്ചിയും സ്കൂളിലേക്കു കൊണ്ടുവരാൻ പാടില്ലെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടതായി അദ്ദേഹം സമ്മതിച്ചു.

പരാതിയുമായി ചില രക്ഷിതാക്കൾ സമീപിച്ചതായി പൊലീസ് പറഞ്ഞു. തങ്ങൾ വിഷയം പരിശോധിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സ്കൂളിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കളിൽ ചിലർ.