'വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തര്‍': ബംഗളുരുവില്‍ ഗേ പ്രഫസറെ പിരിച്ചുവിട്ടു

മികച്ച അധ്യാപകനായിരുന്നെങ്കിലും വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന രീതിയിലുള്ള പല പ്രസ്താവനകളും അദ്ദേഹം നടത്തിയതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് കോളേജധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തര്‍: ബംഗളുരുവില്‍ ഗേ പ്രഫസറെ പിരിച്ചുവിട്ടു

വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാണെന്ന കാരണം പറഞ്ഞ് കോളേജധികൃതര്‍ സ്വവര്‍ഗരതിക്കാരനായ പ്രൊഫസറെ പിരിച്ചുവിട്ടു. സെന്റ് ജോസഫ്‌സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറും എല്‍ജിബിടി ആക്റ്റിവിസ്റ്റുമായ ആഷ്‌ലി ടെല്ലിസിനെയാണ് പുറത്താക്കിയത്. ആഷ്‌ലി കോളേജിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ബിരുദ വിദ്യാര്‍ത്ഥികളുടെ 'ദൗര്‍ബല്യം' ചൂഷണം ചെയ്യുന്നതായും കോളേജധികൃതര്‍ ആരോപിച്ചു.

''ഈ മാസം ഒമ്പതിന് ഞാന്‍ ബികോം രണ്ടാം വര്‍ഷ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് ചെല്ലാന്‍ നിര്‍ദ്ദേശമുണ്ടായി. പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം എന്നോട് എന്റെ ചില അഭിപ്രായങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാണെന്ന് പറഞ്ഞു. താങ്കളോട് ജോലി രാജിവെക്കാന്‍ ആവശ്യപ്പെടാനാണ് മാനേജ്‌മെന്റ് എന്നോട് നിര്‍ദ്ദേശിച്ചതെന്ന് പ്രിന്‍സിപ്പല്‍ എന്നെ അറിയിച്ചു'' തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആഷ്‌ലി പറയുന്നു. 2016 നവംബറില്‍ ആഷ്‌ലിയെ ആറ് മാസ കരാറിലാണ് ജോലിക്കെടുത്തതെന്ന് കോളേജധികൃതര്‍ പറഞ്ഞു. മികച്ച അധ്യാപകനായിരുന്നെങ്കിലും വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന രീതിയിലുള്ള പല പ്രസ്താവനകളും അദ്ദേഹം നടത്തിയതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ആഷ്‌ലിയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതായും അധികൃതര്‍ പറഞ്ഞു.