ചെന്നൈയിലെ തെരുവു നായയ്ക്ക് സല്യൂട്ട്! യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാളെ വിടാതെ പിടികൂടി തെരുവുനായ

യുവതി കുത്തേറ്റു വീണു, നാട്ടുകാര്‍ ഓടിവന്നപ്പോള്‍ ആരാണ് കുത്തിയത് എന്നറിയില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്ന തെരുവുനായ തികച്ചും അപ്രതീക്ഷിതമായി ഒരു ഓട്ടം ഓടി. അത് പ്രതിയെ കണ്ടെത്തുന്നതിലാണ് കലാശിച്ചത്

ചെന്നൈയിലെ തെരുവു നായയ്ക്ക് സല്യൂട്ട്! യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാളെ വിടാതെ പിടികൂടി തെരുവുനായ

സ്ത്രീയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമിച്ചയാളെ കണ്ടെത്താന്‍ സഹായിച്ചത് തെരുവുനായ. ചെന്നൈയില്‍ ബുധനാഴ്ചയാണ് സംഭവം. 31കാരിയെ ആക്രമിച്ച മുന്‍ സഹപ്രവര്‍ത്തകനെ പിടികൂടി പോലീസിലേല്‍പ്പിക്കാനാണ് തെരുവുനായ നാട്ടുകാരെ സഹായിച്ചത്.

കൊല്‍ക്കത്ത സ്വദേശിനിയായ സുചിസ്മിത താന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ബസ് സ്‌റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് നേരത്തെ കൂടെ ജോലി ചെയ്ത ശിവകാശി സ്വദേശിയായ രഘുനാഥന്‍ കുത്തിയത്. വയറിന് കുത്തേറ്റ് സുചിസ്മിത നിലത്ത് വീണതോടെ അക്രമി ഓടി രക്ഷപെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ഓടിയെത്തിയെങ്കിലും അക്രമി സംഭവസ്ഥലത്ത് നിന്നും ഏറെ ദൂരം പിന്നിട്ടിരുന്നു. അതേസമയം സംഭവം കണ്ട നായ അക്രമിയെ പിന്തുടര്‍ന്ന് ഓട്ടം ആരംഭിച്ചിരുന്നു.

ഇതു കണ്ടതോടെ നാട്ടുകാര്‍ നായയ്ക്ക് പുറകെ ഓടി. കുറച്ചകലെയായി ഒളിച്ചിരുന്ന അക്രമിയെ നായയുടെ സഹായത്തോടെ കണ്ടെത്തിയ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുചിസ്മിതയെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഘുനാഥനും സുചിസ്മിതയും ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്ത കാലത്തുണ്ടായ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബസില്‍ വെച്ച് സുചിസ്മിതയെ അപാമാനിച്ച രഘുനാഥനെതിരെ ഇവര്‍ പരാതി നല്‍കി. ഇതിലുള്ള വൈരാഗ്യം കൊണ്ടാണ് രഘുനാഥന്‍ യുവതിയെ ആക്രമിച്ചത്.