136 കിലോയിൽ നിന്ന് 64 കിലോയിലേക്ക് ; സ്വന്തം ശരീരത്തിൽ അത്ഭുതങ്ങൾ കാണിച്ച് നയനേഷ്

എണ്ണപ്പലഹാരങ്ങളും വെണ്ണയും മധുരവും അയാൾ പൂർണമായി ഉപേക്ഷിച്ചു. എന്നാൽ ഇത്തവണ പതിയെയായിരുന്നു ഈ മാറ്റങ്ങൾ. കലോറി കുറഞ്ഞ ആഹാരങ്ങൾ കൊണ്ട് നിലവിലെ ആഹാരക്രമത്തെ അയാൾ മറികടന്നു.

136 കിലോയിൽ നിന്ന് 64 കിലോയിലേക്ക് ; സ്വന്തം ശരീരത്തിൽ അത്ഭുതങ്ങൾ കാണിച്ച് നയനേഷ്

അമിതവണ്ണത്തിൽ നിന്ന് ഫിറ്റ്നെസ്സുള്ള ശരീരത്തിലേക്കുള്ള 28 വയസുകാരൻ നയനേഷിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സാധാരണ കുടുംബത്തിലായിരുന്നു നയനേഷിന്റെ ജനനം. വെണ്ണയും നെയ്യും എണ്ണയും കൂടുതലായുള്ള മധുരപലഹാരങ്ങളായിരുന്നു നയനേഷിന്റെ സാധാരണ ഭക്ഷണം. കോളേജിൽ ചേരുമ്പോൾ നയനേഷിന് 127 കിലോയായിരുന്നു ഭാരം. നിരാശയുടെ മൂന്നുകൊല്ലങ്ങളായിരുന്നു അയാളുടെ കോളേജ് ജീവിതത്തിൽ ഉണ്ടായിരുന്നത്. കോളേജിൽ നിന്നിറങ്ങി നയനേഷ് അച്ഛന്റെ കമ്പനിയിൽ ജോലിക്ക് ചേർന്നു. ഇരുന്നുള്ള വ്യായാമമില്ലാത്ത ജോലി അയാളുടെ ശരീരത്തിന് പിന്നെയും വണ്ണം കൂടാൻ കാരണമായി. 2014 ൽ 136 കിലോയായി നയനേഷിന്റെ ഭാരം. അമിതവണ്ണം മൂലം കസിന്റെ കല്യാണവേദിയിലേക്ക് മകനെ അച്ഛനുമമ്മയും കൊണ്ടുപോയില്ല. ആ സംഭവമാണ് നയനേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

മുൻപ് രണ്ടുതവണ നയനേഷ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ കൂടുതൽ മുന്നൊരുക്കങ്ങളോടെയായിരുന്നു മൂന്നാമത്തെ തവണ നയനേഷ് വണ്ണം കുറയ്ക്കാൻ പരിശ്രമം ആരംഭിച്ചത്. എണ്ണപ്പലഹാരങ്ങളും വെണ്ണയും മധുരവും അയാൾ പൂർണമായി ഉപേക്ഷിച്ചു. എന്നാൽ ഇത്തവണ പതിയെയായിരുന്നു ഈ മാറ്റങ്ങൾ. കലോറി കുറഞ്ഞ ആഹാരങ്ങൾ കൊണ്ട് നിലവിലെ ആഹാരക്രമത്തെ അയാൾ മറികടന്നു. ഏഴും എട്ടും തവണ ഭക്ഷിച്ചിരുന്ന നയനേഷ് തന്റെ ഭക്ഷണം മൂന്നുനേരമാക്കി ക്രമീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച രീതിയിലല്ല പകരം സ്വന്തം ശരീരത്തെ ശ്രദ്ധിച്ചുകൊണ്ടാണ് നയനേഷ് ഓരോ മാറ്റങ്ങളും നടപ്പാക്കിയത്. ഭക്ഷണത്തിന് മുൻപുള്ള വ്യായാമങ്ങളും കൃത്യനേരത്തുള്ള നടത്തവുമാണ് തന്റെ ശരീരത്തിനെ മാറ്റിയതെന്ന് നയനേഷ് പറയുന്നു. രണ്ടുവർഷം കൊണ്ടാണ് അമിതവണ്ണത്തിൽനിന്ന് നയനേഷ് 64 കിലോയുള്ള ശരീരത്തിലേക്ക് എത്തിയത്.

തന്റെ മാറ്റത്തിൽ എളുപ്പവഴികളില്ലായിരുന്നു എന്ന് നയനേഷ് വ്യക്തമാക്കുന്നു. ഓരോ ദിവസവും കഠിനാധ്വാനവും ശ്രദ്ധയും ആത്മാർഥതയും നിറഞ്ഞതായിരുന്നു. ലക്ഷ്യങ്ങളും നിലവിലെ അവസ്ഥയും വ്യക്തമായി അടയാളപ്പെടുത്തിയാണ് താൻ മുന്നോട്ടുപോയതെന്നും നയനേഷ് പറഞ്ഞു. സ്ഥിരം ശരീരത്തിന്റെ ചിത്രങ്ങൾ എടുത്തും മാറ്റങ്ങൾ അടയാളപ്പെടുത്തിയുമായിരുന്നു താൻ 24 മാസങ്ങൾ കൊണ്ട് ഭാരം പകുതിയാക്കിയതെന്ന് നയനേഷ് കൂട്ടിച്ചേർത്തു. നയനേഷിന്റെ അത്ഭുത കഥ ഏതൊരാൾക്കും പ്രതീക്ഷയും പ്രത്യാശയും നൽകുന്നതാണ്.

Story by
Read More >>