കര്‍ഷക ആത്മഹത്യക്ക് കാരണം ആദ്ധ്യാത്മികതയുടെ അഭാവമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

യോഗയും പ്രാണായാമവും കര്‍ഷകര്‍ പരിശീലിക്കുന്നത് ആത്മഹത്യാ പ്രവണത ഇല്ലതാക്കുമെന്നും രവിശങ്കര്‍ പറഞ്ഞു.

കര്‍ഷക ആത്മഹത്യക്ക് കാരണം ആദ്ധ്യാത്മികതയുടെ അഭാവമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്ധ്യാത്മികതയുടെ കുറവുകൊണ്ടാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. രാജ്യത്തെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് രവിശങ്കര്‍ ഈ മറുപടി നല്‍കിയത്. വിദര്‍ഭയിലെ 512 ഗ്രാമങ്ങളില്‍ പദയാത്രകള്‍ നടത്തിയതില്‍ നിന്നാണ് തനിക്കീ കാര്യം മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം മാത്രമല്ല ആത്മഹത്യയുടെ കാരണം, മറിച്ച് ആദ്ധ്യാത്മികതയുടേയും ഭക്തിയുടേയും കുറവ് കൂടിയാണെന്ന് രവിശങ്കര്‍ പറഞ്ഞു.

ആദ്ധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. യോഗയും പ്രാണായാമവും കര്‍ഷകര്‍ പരിശീലിക്കുന്നത് ആത്മഹത്യാ പ്രവണത ഇല്ലതാക്കുമെന്നും രവിശങ്കര്‍ പറഞ്ഞു. യമുനാ തീരത്ത് സാംസ്‌കാരിക സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സത്യം ഒരു നാള്‍ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.''എനിക്ക് നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമാണ്. ആര്‍ട്ട് ഓഫ് ലിവിംഗിനെ നശിപ്പിക്കാന്‍ ഒരു എന്‍ജിഒ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പ്രശസ്തനായിരിക്കുക എന്നതുകൊണ്ട് ചില ദോഷങ്ങളുമുണ്ട്'' രവിശങ്കര്‍ പറയുന്നു.

തന്റെ സംഘടന യമുനാ തീരത്തുനിന്ന് 10 ടണ്‍ മാലിന്യം നീക്കം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സോനു നിഗത്തിന്റെ അഭിപ്രാത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.