ഇളയരാജയുടെ പാട്ടുകൾ പാടില്ലെന്ന് എസ് പി ബാലസുബ്രഹ്മണ്യം

തന്റെ അനുവാദമില്ലാതെ പാട്ടുകൾ കച്ചേരികളിൽ ഉപയോഗിക്കരുതെന്ന് ഇളയരാജയുടെ വക്കീൽ എസ്പിയ്ക്കും മകൻ ശരണിനും നോട്ടീസ് അയച്ചതിനെ തുടർന്നാണ് എസ് പി ബിയുടെ അറിയിപ്പ്.

ഇളയരാജയുടെ പാട്ടുകൾ പാടില്ലെന്ന് എസ് പി ബാലസുബ്രഹ്മണ്യം

സംഗീതസംവിധായകൻ ഇളയരാജയുടെ പാട്ടുകൾ ഇനി കച്ചേരികളിൽ പാടില്ലെന്ന് ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം. തന്റെ അനുവാദമില്ലാതെ പാട്ടുകൾ കച്ചേരികളിൽ ഉപയോഗിക്കരുതെന്ന് ഇളയരാജയുടെ വക്കീൽ എസ്പിയ്ക്കും മകൻ ശരണിനും നോട്ടീസ് അയച്ചതിനെ തുടർന്നാണ് എസ് പി ബിയുടെ അറിയിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലാണ് എസ് പി ബി തീരുമാനം അറിയിച്ചത്.

ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ അനുവാദമില്ലാതെ ആലപിക്കരുതെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്. അങ്ങിനെ ചെയ്താൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്നും പറയുന്നുണ്ട്. എസ് പി ബി 50 എന്ന പേരിൽ ആഗോളതലത്തിൽ സംഗീതപരിപാടികളുമായി തിരക്കിലാണ് എസ് പി ബി. റഷ്യ, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെ പരിപാടികൾ കഴിഞ്ഞ് അമേരിക്കയിലെത്തിയപ്പോഴാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഇതുവരെ വരാത്ത നോട്ടീസ് ഇപ്പോൾ വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് എസ് പി ബി പറഞ്ഞു. നിയമം അതാണെങ്കിൽ അംഗീകരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ട് കച്ചേരികളിൽ ഇളയരാജയുടെ പാട്ടുകൾ ആലപിക്കുന്നില്ലെന്ന് എസ് പി ബി തീരുമാനിച്ചു.

ഭാഗ്യത്തിന് മറ്റു സംഗീതസംവിധായകരുടെ പാട്ടുകളും താൻ പാടിയിട്ടുണ്ടെന്ന് ആശ്വാസം കൊള്ളുകയാണ് എസ് പി ബി.