വോട്ടിംഗ് യന്ത്രം പറയുന്ന കണക്കുകൾ ശരിയാവാം, തെറ്റുമാവാം: ഇതാ കാരണങ്ങൾ

വോട്ടെടുപ്പ് നടക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വോട്ട് രേഖപ്പെടുത്താതെ വരുക, ചെയ്ത വോട്ട് തന്നെയാണോ റെക്കോർഡ് ആയതെന്ന് അറിയാൻ കഴിയാതെ വരുക എന്നിങ്ങനെ. വോട്ട് റെക്കോർഡ് ചെയ്തതിലെ പിഴകൾ കണ്ടുപിടിക്കാൻ സംവിധാനമൊന്നുമില്ലെന്നത് ന്യൂനതയാണ്.

വോട്ടിംഗ് യന്ത്രം പറയുന്ന കണക്കുകൾ ശരിയാവാം, തെറ്റുമാവാം: ഇതാ കാരണങ്ങൾ

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ഉയർന്നതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ചുള്ള വിവാദങ്ങൾ. ബിഎസ്പിയുടെ മായാവതിയും ആം ആദ്മിയുടെ അരവിന്ദ് കേജ്രിവാളും വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നതിലെ പാകപ്പിഴകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ശരിക്കും എത്രത്തോളം സുരക്ഷിതമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എന്ന് നോക്കാം.

ഇന്ത്യയിലെ രണ്ട് പൊതുമേഖലാ കമ്പനികളാണ് വോട്ടിംഗ് മെഷീനുകൾ നിർമ്മിക്കുന്നത്. ഏതൊക്കെ മെഷീനുകൾ ഏതൊക്കെ മണ്ഡലങ്ങളിൽ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ ഉപയോഗിച്ചാണ്. വോട്ടെടുപ്പിന് മാസങ്ങൾക്ക് മുൻപേ മെഷീനുകൾ പരിശോധിക്കാൻ തുടങ്ങുന്നു. പാർട്ടികളുടെ പ്രതിനിധികളും പരിശോധനയിൽ പങ്കെടുക്കും.

അവസാനത്തെ പട്ടിക വന്നു കഴിഞ്ഞാൽ, വോട്ടെടുപ്പിന് 13 ദിവസങ്ങൾക്ക് മുൻപ്, മെഷീനുകൾ വീണ്ടും പരിശോധിക്കുന്നു. സ്ഥാനാർഥിയോ പാർട്ടി ഏജന്റോ സർട്ടിഫൈ ചെയ്താൽ മാത്രമേ ആ മെഷീൻ ഉപയോഗിക്കുകയുള്ളൂ. ബൂത്തുകളിലേയ്ക്ക് അയക്കുന്നതിന് മുൻപ് മെഷീനുകൾ സീൽ ചെയ്ത് സെക്യൂരിറ്റി നമ്പർ കൊടുക്കുന്നു.

മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്നുറപ്പാക്കാൻ കൃത്രിമവോട്ടും ചെയ്തു നോക്കും. വോട്ടെടുപ്പ് നടക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വോട്ട് രേഖപ്പെടുത്താതെ വരുക, ചെയ്ത വോട്ട് തന്നെയാണോ റെക്കോർഡ് ആയതെന്ന് അറിയാൻ കഴിയാതെ വരുക എന്നിങ്ങനെ. വോട്ട് റെക്കോർഡ് ചെയ്തതിലെ പിഴകൾ കണ്ടുപിടിക്കാൻ സംവിധാനമൊന്നുമില്ലെന്നത് ന്യൂനതയാണ്. വോട്ടിംഗ് മെഷീനിലെ ഡാറ്റയിൽ പുറത്ത് നിന്നുമുള്ള കബളിപ്പിക്കൽ ഒന്നും നടക്കില്ല. മെഷീനുകൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്താത് കൊണ്ടാണത്.

2009 ൽ ജർമ്മനി വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു. സുതാര്യത നഷ്ടപ്പെടുന്നു എന്നതായിരുന്നു കാരണം. 2007 ൽ നെതർലാന്റ്സും വോട്ടിംഗ് മെഷീനുകൾ നിരോധിച്ചു. ഇംഗ്ലണ്ടും ഫ്രാൻസും വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചിട്ടേയില്ല. അമേരിക്കയിൽ മെഷീൻ ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ പേപ്പർ ട്രെയിലും നിർബന്ധമായും നൽകണം എന്നുണ്ട്. വോട്ട് ചെയ്തു കഴിഞ്ഞാൽ വോട്ടർക്ക് കിട്ടുന്ന സ്ലിപ് ആണ് പേപ്പർ ട്രെയിൽ. അതു നോക്കി തന്റെ വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും.

ഇങ്ങനെയൊക്കെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ കാര്യങ്ങൾ.

Read More >>