സൈനികർക്ക് അസാധുനോട്ടുകൾ മാറാൻ വഴിയില്ല

കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാനുള്ള സംവിധാനവും നിലവിലില്ലെന്ന് അവർ പരാതിപ്പെടുന്നു. ആർ ബി ഐ ഗേറ്റിൽ ദിവസവും പുതിയ തെളിവുകൾ ആവശ്യപ്പെടുന്നു. ഹെല്പ് ലൈനിൽ വിളിച്ചാൽ കൃത്യമായ വിവരം ലഭിക്കുന്നില്ല. കൈയിൽ പണം ഉണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായരാകുകയാണ് സൈനികസേവനം നടത്തുന്നവർ.

സൈനികർക്ക് അസാധുനോട്ടുകൾ മാറാൻ വഴിയില്ല

കഴിഞ്ഞ നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിക്കുമ്പോൾ നായിക്ക് മഹേന്ദ്രസിംങ് സിയാച്ചിനിലിൽ സമുദ്രനിരപ്പിൽ നിന്നും 20000 അടി ഉയരത്തിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോൾ അയാളുടെ കയ്യിൽ 6000 രൂപാ ഉണ്ടായിരുന്നു. 10 ദിവസത്തെ അവധിയ്ക്ക് അപേക്ഷിച്ചിരുന്ന മഹേന്ദ്രസിംങിന് അവധി ലഭിച്ചത് മാർച്ചിലും. മാർച്ച് 31 വരെ റിസർവ്വ് ബാങ്കിൽ അസാധുനോട്ടുകൾ മാറിയെടുക്കാം എന്നറിഞ്ഞ അയാൾ രാജസ്ഥാനിലെ തന്റെ ഗ്രാമത്തിൽ നിന്നും ഡൽഹിയിലെ ആർ ബി ഐ തലസ്ഥാനത്തേയ്ക്ക് പുറപ്പെട്ടു.

അവിടെയെത്തിയപ്പോഴാണ് അമളി പറ്റിയത് അയാളറിയുന്നത്. മാർച്ച് 31 എന്ന കാലാവധി വിദേശത്തുള്ളവർക്ക് മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന കാര്യം അപ്പോഴാണ് അയാൾ അറിയുന്നത്.

"മാർച്ച് 31 എന്ന കാലാവധി മാറിയത് ഞാൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ 1000 രൂപാ ബസ്സ് ചാർജ്ജും മുടക്കി ഞാൻ ഇവിടെ വരില്ലായിരുന്നു," സിംങ് പറഞ്ഞു.

മറ്റൊരു സൈനികനായ പങ്കജ് സിംങിനും പറ്റി അമളി. സിആർപിഎഫ് ജവാൻ ആയ അയാൾ ഝാർഖണ്ഡിൽ ഡ്യൂട്ടിയിലായിരുന്നു. 19000 രൂപയുടെ അസാധുവാക്കിയ നോട്ടുകൾ അയാളുടെ പക്കൽ ഉണ്ടായിരുന്നു. ഫോണും റേഡിയോയും ഇല്ലാതെ കൊടും കാട്ടിൽ ആയിരുന്ന അയാൾ വാർത്തകളൊന്നും അറിഞ്ഞിരുന്നില്ല.

കുറേയേറെപ്പേർക്കും ഉണ്ടായി സമാനമായ അനുഭവങ്ങൾ. സൈനികർക്കായി നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വയ്ക്കാത്തതെന്ത് എന്നാണ് അവരെല്ലാവരും ചോദിക്കുന്നത്. തെളിവ് നൽകാൻ സാധിക്കുന്നവർക്ക് നോട്ടുകൾ മാറിയെടുക്കാനുള്ള അവസരം സർക്കാർ നൽകേണ്ടതാണ് എന്നാണ് അവർ പറയുന്നത്.

കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാനുള്ള സംവിധാനവും നിലവിലില്ലെന്ന് അവർ പരാതിപ്പെടുന്നു. ആർ ബി ഐ ഗേറ്റിൽ ദിവസവും പുതിയ തെളിവുകൾ ആവശ്യപ്പെടുന്നു. ഹെല്പ് ലൈനിൽ വിളിച്ചാൽ കൃത്യമായ വിവരം ലഭിക്കുന്നില്ല. കൈയിൽ പണം ഉണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായരാകുകയാണ് സൈനികസേവനം നടത്തുന്നവർ.

500 രൂപയുടെ നോട്ട് മാറി 100 രൂപാ കൊടുക്കാം എന്ന് പറഞ്ഞ് വരുന്ന ബ്രോക്കർമാരും അവരെ സമീപിക്കുന്നുണ്ടത്രേ.