ഗ്രനേഡുമായി സൈനികന്‍ വിമാനത്താവളത്തില്‍ പിടിയില്‍; 'മേജര്‍ സാര്‍' പറഞ്ഞിട്ടാണ് ഗ്രനേഡ് കടത്തിയതെന്ന് സൈനികന്‍

സൈനികര്‍ക്കായുള്ള ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ കയറുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയിലാണ് ഗ്രനേഡുകള്‍ കണ്ടെടുത്തത്.

ഗ്രനേഡുമായി സൈനികന്‍ വിമാനത്താവളത്തില്‍ പിടിയില്‍; മേജര്‍ സാര്‍ പറഞ്ഞിട്ടാണ് ഗ്രനേഡ് കടത്തിയതെന്ന് സൈനികന്‍

രണ്ട് ഗ്രനേഡുകളുമായി വിമാനത്താവളത്തില്‍ സൈനികന്‍ പിടിയില്‍. ജമ്മു കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ഭൂപാല്‍ മുഖിയ എന്ന സൈനികനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. മേജര്‍ സാര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഗ്രനേഡുകള്‍ കൈവശം വെച്ചതെന്ന് സൈനികന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഡല്‍ഹിയിലുള്ള മേലുദ്യോഗസ്ഥന് കൈമാറാനായി കൊണ്ടുപോകുകയായിരുന്നു ഗ്രനേഡെന്ന് സൈനികന്‍ പറഞ്ഞു.

സൈനികര്‍ക്കായുള്ള ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ കയറുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയിലാണ് ഗ്രനേഡുകള്‍ കണ്ടെടുത്തത്. ഉറിയില്‍ സേവനം ചെയ്യുന്ന സൈനികന്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. സംഭവത്തെക്കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും സുരക്ഷാ പരിശോധനയുള്ള വിമാനത്താവളങ്ങളിലൊന്നാണ് ശ്രീനഗരിലേത്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇടയ്്ക്കിടെ ഇവിടെ മോക് ഡ്രില്‍ നടത്താറുണ്ട്. ഉറിയില്‍ സെപ്റ്റംബര്‍ 18ന് നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.