ഹരിയാനയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പാമ്പ്

ഹരിയാന ഫരീദാബാദിലെ രാജ്‌കീയ ഗേള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ കുഞ്ഞിനെ കിട്ടിയത്.

ഹരിയാനയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പാമ്പ്

കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയത് വിവാദമാകുന്നു. ഹരിയാന ഫരീദാബാദിലെ രാജ്‌കീയ ഗേള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ പാമ്പിൻ കുഞ്ഞിനെ കിട്ടിയത്.

സംഭവം അറിഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ഉച്ചഭക്ഷണ വിതരണം നിര്‍ത്തി വച്ചു. എന്നാല്‍ അപ്പോഴേയ്ക്കും ചില കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. ആറ് കുട്ടികളേയും രണ്ട് അദ്ധ്യാപകരേയും ഛർദ്ദിയെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള പരിശോധിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ ഡെപ്യൂട്ടി കമ്മീഷണര്‍ സമീര്‍ പാല്‍ സ്രോ നിയോഗിച്ചു. ഫരീദാബാദ് തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയാണ് നിയോഗിച്ചത്. ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്‌കൂളിലേയ്ക്കുള്ള ഭക്ഷണം നല്‍കിയിരുന്നതു ഇക്‌സോണ്‍ എന്ന സംഘടനയാണ്. ഇതേ സംഘടന മറ്റു സ്‌കൂളുകള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

Story by