മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലാതെ വന്നതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ഇന്ന് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. 46 വര്‍ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് കൃഷ്ണ ബിജെപിയിലെത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലാതെ വന്നതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ ഇന്ത്യ പുരോഗതിയുടെ പാതയിലാണെന്ന് അംഗത്വദാനച്ചടങ്ങില്‍ കൃഷ്ണ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തിയാര്‍ജിച്ച ബിജെപിയ്ക്ക് എസ് എം കൃഷ്ണ പാര്‍ട്ടിയിലേക്ക് വന്നത് കര്‍ണാടകയില്‍ സ്വാധീനമുറപ്പിക്കുന്നതിന് സഹായിക്കും. 84കാരനായ എസ് എം കൃഷ്ണ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന കൃഷ്ണ 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ബംഗളുരുവിനെ രാജ്യത്തിന്റെ ഐടി ആസ്ഥാനമായി മാറ്റുന്നതില്‍ വലിയ പങ്കാണ് കൃഷ്ണ വഹിച്ചത്. മഹാരാഷ്ട്ര ഗവര്‍ണറും കേന്ദ്ര മന്ത്രിയുമായി പ്രവര്‍ത്തിച്ച കൃഷ്ണ ബിജെപിയില്‍ ചേരുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയാണ്.