പശുരാഷ്ട്രീയം ഇന്ത്യയുടെ വയറ്റത്തടിക്കും: കശാപ്പ് നിരോധനം 65006 കോടിരൂപയുടെ നഷ്ടം; പശുക്കള്‍ നികുതിപ്പണം തിന്ന് കൊഴുക്കും

സാമ്പത്തിക അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കുന്ന തീരുമാനമാണ് കന്നുകാലി കശാപ്പ് നിരോധനം. മാട്ടിറച്ചിയുടെയും തുകലിന്റെയും കയറ്റുമതിയിലൂടെ രാജ്യത്തിന് 65006 കോടിയിലേറെ രൂപയുടെ വരുമാനം ഒറ്റയടിക്ക് നിലയ്ക്കും. കോടിക്കണക്കിന് കന്നുകാലി കര്‍ഷകര്‍ കൊടുംപട്ടിണിയിലാകും. കൊള്ളയും കൊള്ളിവയ്പും സാര്‍വത്രികമാകുന്ന ദുരന്തകാലമാണ് ഇനി വരാനിരിക്കുന്നത്. ഒപ്പം പശുസംരക്ഷണം എന്ന പേരില്‍ വന്‍കൊള്ളയും നടക്കും

പശുരാഷ്ട്രീയം ഇന്ത്യയുടെ വയറ്റത്തടിക്കും: കശാപ്പ് നിരോധനം 65006 കോടിരൂപയുടെ നഷ്ടം; പശുക്കള്‍ നികുതിപ്പണം തിന്ന് കൊഴുക്കും

കശാപ്പിനുവേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടാകാന്‍ പോകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍. മനുഷ്യന്റെ ഉപജീവനത്തേക്കാള്‍ കന്നുകാലികളുടെ സംരക്ഷണത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന തീരുമാനം നടപ്പില്‍വരുന്നതോടെ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അതിഭീമമായ സാമ്പത്തിക ബാധ്യതയാകും ഉണ്ടാവുക. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്ന ഓരോ രൂപയും സാധാരണക്കാരന്റെ നികുതിപ്പണമാകും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്ന തീരുമാനമാണ് കന്നുകാലി കശാപ്പ് നിരോധമെന്ന് സര്‍ക്കാര്‍ കണക്കുകളില്‍ നിന്നുതന്നെ ഇതോടകം വ്യക്തമായിക്കഴിഞ്ഞു.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 26,681.56 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ രാജ്യത്തിന് ലഭിച്ചത്. തുകല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 38325 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ വര്‍ഷം രാജ്യത്തേക്കെത്തി. നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ വരുമാനം പൂര്‍ണമായും അടയും. ലക്ഷോപലക്ഷം കന്നുകാലി കര്‍ഷകരുടെ ജീവിതമാണ് ഇല്ലാതാവുക. ആഭ്യന്തര വിപണിയിലും വില്‍പ്പന നടക്കാതാകുന്നതോടെ കര്‍ഷകരുടെ വരുമാനം നിലയ്ക്കും. കന്നുകാലികളുടെ തോലുരിഞ്ഞ് വില്‍പ്പന നടത്തുന്നവര്‍, കന്നുകാലിച്ചന്തയിലെ ജീവനക്കാര്‍ തുടങ്ങി അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും ദുരിതത്തിലാകും.

വിപണിയില്‍ പണമെത്താതാകുന്നതോടെ വ്യാപാരികളുടെ നിലനില്‍പ്പ് അപകടത്തിലാകും. സര്‍വ മേഖലയിലും പ്രതിസന്ധി ഉടലെടുക്കുന്നതോടെ സാമ്പത്തിക അരാജകത്വം സംജാതമാകുമെന്നുറപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കന്നുകാലി കര്‍ഷകര്‍ എത്തുന്നതോടെ പട്ടിണി സാര്‍വത്രികമാകും. ഇത് പിടിച്ചുപറിയിലും കൊള്ളയിലും കലാശിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ കലാപത്തിലേക്ക് നയിക്കുന്ന നടപടികളാണ് പിന്നീടുണ്ടാവുക. ശക്തമായ പ്രക്ഷോഭങ്ങള്‍ പലയിടത്തും ഉയര്‍ന്നുവരും. ക്രമസമാധാന പ്രശ്‌നങ്ങള്‍ സാധാരണമാകും. ഭരണകൂടം ഇതിനെ നേരിടാന്‍ ഏറെ പാടുപെടേണ്ടിയും വരും. പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടം കോടികള്‍ ഒഴുക്കും. ഉത്പാദനപരമല്ലാതെ ചെലവഴിക്കുന്ന ഈ തുകയെല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നഷ്ടം തന്നെയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളുടെ പണമുപയോഗിച്ച് കന്നുകാലികളെ സംരക്ഷിക്കുന്ന വിരോധാഭാസം.

അറവുശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നതോടെ പ്രായമായതും കറവ വറ്റിയതുമായ കാലികളെയും ആണ്‍കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് ഏറെ പണം ചെലവിടേണ്ടിവരുമെന്നുറപ്പാണ്. പാല്‍ വില്‍പ്പന മാത്രമാകും ഏക വരുമാനമാര്‍ഗം. പരിപാലന ചെലവ് അതിഭീമമാകുന്നതോടെ പാലിന്റെ വില കൂട്ടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. പാലുല്‍പ്പന്നങ്ങളുടെയും വില കുതിച്ചുയരും. വീണ്ടും ദുരന്തഭാരം സാധാരണക്കാരന്റെ ചുമലിലേക്ക്. പ്രശ്‌നം ഗുരുതരമാകുന്നതോടെ കന്നുകാലി സംരക്ഷണത്തിന് ഗോശാലകള്‍ ആരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. ഇതും സര്‍ക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യതയാകും സൃഷ്ടിക്കുക.

പുതിയ ഉത്തരവ് പ്രകാരം കന്നുകാലികളുമായി ബന്ധപ്പെട്ട വില്‍പ്പനയ്ക്കും മറ്റുമായി ഒരു കര്‍ഷകന്‍ നിരവധി ഉദ്യോഗസ്ഥരെ കണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകള്‍, പ്രാദേശിക റവന്യൂ ഓഫീസ്, കന്നുകാലിയെ വാങ്ങുന്ന മേഖലയിലെ മൃഗഡോക്ടര്‍, അനിമല്‍ മാര്‍ക്കറ്റിംഗ് കമ്മിറ്റി എന്നിവരുടെ അനുമതിക്കൊപ്പം കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കാന്‍ ഫീസും നല്‍കണം. കന്നുകാലികളെ വാഹനങ്ങളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്ററിനറി ഇന്‍സ്‌പെക്ടറുടെ സാന്നിധ്യവും നിയമത്തില്‍ പറയുന്നു. അതായത് ഒരു പശുവിനെ കൈമാറണമെങ്കില്‍ കര്‍ഷകന്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് ചുരുക്കം. എല്ലാം ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് വിടുമ്പോള്‍ സ്വാഭാവികമായും ഇവിടങ്ങളില്‍ ഉദ്യോഗസ്ഥ മേധാവിത്വം പ്രകടമായിരിക്കും. ഇത് കൈക്കൂലി സാര്‍വത്രികമാകുന്നതിനും കാരണമാകും.

കന്നുകാലി മാംസം കിട്ടാതാകുന്നതോടെ സ്വഭാവികമായും പച്ചക്കറിക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കും. എന്നാല്‍ ഇതിനനുസരിച്ചുള്ള ഉല്‍പ്പാദനം രാജ്യത്ത് നിലനില്‍ക്കുന്നില്ല. കൃഷിഭൂമികള്‍ വ്യാപകമായി വ്യവസായകേന്ദ്രങ്ങള്‍ക്ക് വഴിമാറിയ ഇക്കാലത്ത് ഇനി കൃഷി വ്യാപിപ്പിക്കാനും സാധിക്കില്ല. ഇതോടെ പച്ചക്കറിവില കുതിച്ചുയരും. ബദല്‍ ആശ്വാസമെന്ന നിലയില്‍ കോഴിയിറച്ചി ഉപയോഗം വര്‍ധിക്കും. ഇപ്പോള്‍ത്തന്നെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന കോഴിയിറച്ചി വില ഇനി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കെത്തും. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ അതിന്റെ ഭാരവും സാധാരണക്കാരന്റെ ചുമലിലേക്ക്.

Read More >>