ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ജഡ്ജിക്കു ജയിൽ ശിക്ഷ; കോടതിയലക്ഷ്യത്തിനു ജസ്റ്റിസ് കർണന് ആറുമാസം തടവ്

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരി​ഗണിച്ചത്. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്തു ജയിലിലടക്കാൻ ജസ്റ്റിസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി.

ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ജഡ്ജിക്കു ജയിൽ ശിക്ഷ; കോടതിയലക്ഷ്യത്തിനു ജസ്റ്റിസ് കർണന് ആറുമാസം തടവ്

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ജഡ്ജിക്ക് തടവു ശിക്ഷ. കോടതിലയക്ഷ്യത്തിനു കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കർണന് സുപ്രീംകോടതി ആറുമാസം തടവു ശിക്ഷ വിധിച്ചു.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കർണനു ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കൂടാതെ, കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് സുപ്രീംകോടതി നിർദേശിച്ചു. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്തു ജയിലിലടക്കാൻ ജസ്റ്റിസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി.

ജസ്റ്റിസ് കര്‍ണന്‍ എല്ലാ പരിധികളും ലംഘിച്ചതായി വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വ്യക്തമാക്കി. കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കര്‍ണന്റെ മാനസിക നില ശരിയല്ലെന്നും അതിനാൽ അദ്ദേഹത്തെ ശിക്ഷിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും അമിക്കസ് ക്യൂറി കെ കെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അമിക്കസ് ക്യൂറിയുടെ അഭിപ്രായങ്ങള്‍ കോടതി തള്ളി. കര്‍ണനു യാതൊരു ഇളവും നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. കര്‍ണനു ശിക്ഷ നല്‍കണമെന്ന തീരുമാനം ബെഞ്ചിലെ ഏഴംഗങ്ങളും ഐകകണ്ഠേനയാണ് കൈക്കൊണ്ടത്.

വിവാദ സമീപനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രിംകോടതി എടുത്തുകളഞ്ഞിരുന്നു. കര്‍ണനു യാതൊരു ഫയലുകളും രേഖകളും നല്‍കരുതെന്നും സുപ്രീംകോടതി കൊല്‍ക്കത്ത ഹൈക്കോടതിയോടു നിർദേശിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെ കൂടാതെ, സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെക്കൂടി അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാന്‍ ഇന്നലെ ജസ്റ്റിസ് സി എസ് കര്‍ണൻ ഉത്തരവിട്ടിരുന്നു. ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ എസ് സി/എസ് ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു ജസ്റ്റിസ് കർണന്റെ നടപടി. പിഴയടയ്ക്കാത്തപക്ഷം ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

അതേസമയം, താൻ കീഴടങ്ങില്ലെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ജസ്റ്റിസ് കർണൻ പ്രതികരിച്ചു.