ബുലന്ദ്ഷഹർ കലാപത്തിനു പിന്നിൽ മുസ്ലിങ്ങളെന്ന് സംഘപരിവാർ കുപ്രചരണം; മറുപടിയുമായി പൊലീസ്

തബ്‌ലീഗി ഇജ്തിമയ്ക്ക് ബുലന്ദ്ഷഹറില്‍ നടന്ന കലാപവുമായി ഒരു ബന്ധവുമില്ലെന്നും അക്രമസംഭവങ്ങളെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ബുലന്ദ്ഷഹര്‍ പൊലീസ്

ബുലന്ദ്ഷഹർ കലാപത്തിനു പിന്നിൽ മുസ്ലിങ്ങളെന്ന് സംഘപരിവാർ കുപ്രചരണം; മറുപടിയുമായി പൊലീസ്

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധ അഭ്യൂഹം പ്രചരിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണം ഹിന്ദു- മുസ്ലിം കലാപം ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്ന സംശയം ബലപ്പെടുന്നു. ബുലന്ദ്ഷഹറില്‍ ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ ഇജ്തിമയുടെ (സമ്മേളനം) മറവില്‍ കലാപം ആളിക്കത്തിക്കാന്‍ ശ്രമം നടന്നുവെന്ന് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തന്നെ വ്യക്തമാക്കുന്നു. ബുലന്ദ്ഷഹറിലുണ്ടായ കലാപത്തേയും തബ്‌ലീഗി ഇജ്തിമയും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍, സംഘപരിവാര്‍ അനൂകൂല വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന സുദര്‍ശന്‍ ന്യൂസ് എന്ന മാധ്യമമാണ് ശ്രമിച്ചത്.'ബുലന്ദ്ഷഹറിലെ ഇജ്തിമയെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ കുടുങ്ങി കരയുകയാണ്. ആളുകള്‍ കാട്ടിലേക്കോടിയിരിക്കുന്നു.എല്ലാവരും വീടിന്റെ വാതിലുകള്‍ അടച്ചിട്ടിരിക്കുകയാണ്- സുദര്‍ശനോട് ജനങ്ങള്‍ പറഞ്ഞത്.' സുദര്‍ശന്‍ ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കെ ട്വീറ്റ് ചെയ്തതാണിത്. ഇജ്തിമ സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടന സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളവയാണെന്നും മറ്റൊരു ട്വീറ്റില്‍ ചവാങ്കെ പറയുന്നു. ഇജ്തിമാ പരിപാടിയുടെ മറവില്‍ ശക്തി പ്രകടനമായിരുന്നുവെന്നും ചവാങ്കെ ആരോപിച്ചിരുന്നു.എന്നാൽ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സുരേഷ് ചവാങ്കെയ്ക്ക് മറുപടിയുമായി ബുലന്ദ്ഷഹര്‍ പൊലീസ് തന്നെ രംഗത്തെത്തി. തബ്‌ലീഗി ഇജ്തിമയ്ക്ക് ബുലന്ദ്ഷഹറില്‍ നടന്ന കലാപവുമായി ഒരു ബന്ധവുമില്ലെന്നും അക്രമസംഭവങ്ങളെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ബുലന്ദ്ഷഹര്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സംഘപരിവാർ തീവ്രവാദികൾ കലാപത്തിനിടെ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനങ്ങളും കത്തിച്ചിരുന്നു. തുടർന്ന് നടത്തിയ കല്ലേറിൽ പരിക്കേറ്റ പൊലീസ് ഇൻസ്പെക്ടറെ മുൻ സൈനികൻ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് വധക്കേസിലെ സംഘപരിവാർ പ്രവർത്തകരായ പ്രതികളെ അറസ്റ്റ് ചെയ്യുകയും ബീഫ് അല്ലെന്ന് തെളിയിക്കുന്ന മട്ടൻ സാമ്പിൾ ലാബിലെത്തിക്കുകയും ചെയ്ത സുബോധ്കുമാർ സിങ്ങിനെയാണ് കലാപത്തിനിടെ വെടിവച്ചു കൊന്നത്.
Read More >>