മോദിക്കെതിരെ വീണ്ടും ശിവസേന; റഫാലിനെ പിന്തുണച്ചാൽ ദേശസ്നേഹിയും എതിർത്താൽ ദേശവിരുദ്ധരും ആക്കുന്നു

റഫാൽ ഇടപാട് സംബന്ധിച്ച് തൃപ്തികരമായ മറുപടി കിട്ടുന്നതു വരെ ഓരോ ഇന്ത്യക്കാരനും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.

മോദിക്കെതിരെ വീണ്ടും ശിവസേന; റഫാലിനെ പിന്തുണച്ചാൽ ദേശസ്നേഹിയും എതിർത്താൽ ദേശവിരുദ്ധരും ആക്കുന്നു

റഫാൽ കരാറിനായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവന്നതിനു പിന്നാലെ ബിജെപിക്കും മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. റഫാലിനെ പിന്തുണയ്ക്കുന്നവരെയെല്ലാം ദേശസ്നേഹികളും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെയെല്ലാം ദേശദ്രോഹികളും ആക്കുന്ന സ്ഥിതിയാണുള്ളതെന്ന് ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തി.

റഫാൽ ഇടപാട് സംബന്ധിച്ച് തൃപ്തികരമായ മറുപടി കിട്ടുന്നതു വരെ ഓരോ ഇന്ത്യക്കാരനും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും സാമ്‌ന മുഖപ്രസംഗം ചോദിക്കുന്നു.

മോദി പാര്‍ലമെന്റില്‍ റഫാല്‍ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രം കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവിട്ടു. ഇപ്പോള്‍ ബിജെപി പറയുന്നത് മുഴുവന്‍ സത്യങ്ങളും പ്രസിദ്ധീകരിച്ചില്ല എന്നാണ്. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്തായി? എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നത്.

ഇന്ന് കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് രാജ്യമെമ്പാടും പ്രസിദ്ധമായെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു. അതിനു കാരണം കോണ്‍ഗ്രസല്ല. മറിച്ച് കാര്യങ്ങള്‍ മറച്ചുവയ്ക്കുന്ന മോദിയുടെ രീതികൊണ്ടാണ് അതിന് ഇത്ര പ്രചാരം കിട്ടിയത്. അതിനാല്‍ രാജ്യത്തെ ഓരോ പൗരനും കൃത്യമായ ഉത്തരം കിട്ടുന്നതു വരെ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും.

മോദി പറയുന്നത് ബിജെപിയെ വിമര്‍ശിക്കൂ, മോദിയെ വിമര്‍ശിക്കൂ, പക്ഷേ രാജ്യത്തെ വിമര്‍ശിക്കരുത് എന്നാണ്. ഇത് എന്താണ് അര്‍ഥമാക്കുന്നതെന്ന് മോദി ഭക്തന്മാര്‍ വിശദീകരിക്കണെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. മുമ്പും പല വിഷയങ്ങളിൽ ബിജെപിക്കെതിരെ വിമർശനവുമായി ശിവസനേ രം​ഗത്തെത്തിയിരുന്നു.