അപകീര്‍ത്തികരമായ ട്വീറ്റുകള്‍: ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു

'മറ്റൊരു അരുന്ധതി റോയിയും ജെ എന്‍ യുവിനെ പിന്തുണയ്ക്കുന്നവരുമാണ് എന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നതിന് പിന്നില്‍ ഗൂഢാലോചന നടത്തിയത്. അരുന്ധതിയുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഞാന്‍ പ്രതികരിച്ചതാണ് കാരണം'-നടപടിയോട് അഭിജിത് പ്രതികരിച്ചതിങ്ങനെ

അപകീര്‍ത്തികരമായ ട്വീറ്റുകള്‍: ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു

തുടര്‍ച്ചയായി വിദ്വേഷകരവും അപകീര്‍ത്തികരവുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയടക്കമാണ് അഭിജിത് ട്വീറ്റ് ചെയ്തത്. നവമാധ്യമ ഉപഭോക്താക്കളുടെ തുടര്‍ച്ചയായ പരാതികളുടെ പശ്ചാത്തലത്തിലാണ് ട്വിറ്ററിന്റെ നടപടി.

ജെ എന്‍ യു വിദ്യാര്‍ത്ഥിനിയും ആക്റ്റിവിസ്റ്റുമായ ഷെഹ്ല റഷീദ് അടക്കമുള്ള സ്ത്രീകള്‍ക്കെതിരെ മെയ് 22ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലുള്ള പരാതികളിലാണ് ട്വിറ്ററിന്റെ നടപടി. കഴിഞ്ഞ ജൂലൈയില്‍ മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിക്കെതിരെ ഇദ്ദേഹം തുടര്‍ച്ചയായി അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സ്വാതി നല്‍കിയ പരാതിയില്‍ അഭിജിത്തിനെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഗായകന്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പോസ്റ്റു ചെയ്തു.

ട്വിറ്ററിന്റെ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഷെഹ്ല റഷീദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'രണ്ട് മണിക്കൂര്‍ നേരത്തേക്ക് പണം വാങ്ങിയ ഷെഹ്ല ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തിയില്ലെന്ന് ഊഹോപോഹങ്ങളുണ്ട്' എന്ന് അഭിജിത് നേരത്തെ പോസ്റ്റു ചെയ്തിരുന്നു. തന്നെ വിമര്‍ശിച്ച ഒരു സ്ത്രീയെ 'മിസ് പാക്, നിങ്ങളുടെ വീട്ടുനമ്പര്‍ പറയൂ. ഞാനവിടെയെത്താം. ഇഷ്ടമുള്ള പൊസിഷനില്‍ നമുക്ക് ബന്ധപ്പെടാം' എന്ന് ട്വീറ്റ് ചെയ്താണ് ഗായകന്‍ അപമാനിച്ചത്.

''മറ്റൊരു അരുന്ധതി റോയിയും ജെ എന്‍ യുവിനെ പിന്തുണയ്ക്കുന്നവരുമാണ് എന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നതിന് പിന്നില്‍ ഗൂഢാലോചന നടത്തിയത്. അരുന്ധതിയുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഞാന്‍ പ്രതികരിച്ചതാണ് കാരണം. ബി ജെ പി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവലിന്റെ അക്കൗണ്ട് പൂട്ടിക്കാനാണ് ഇവരുടെ അടുത്ത ശ്രമം'' അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടിയോട് അഭിജിത്ത് പ്രതികരിച്ചു. കശ്മീരില്‍ കല്ലേറ് നടത്തുന്നവര്‍ക്ക് പകരമായി അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണമെന്ന് കഴിഞ്ഞ ദിവസം പരേഷ് റാവല്‍ പറഞ്ഞിരുന്നു.Read More >>