കാശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയതിന് എതിരെ മുന്‍ ആര്‍മി തലവന്റെ ട്വീറ്റ്; അപസ്വര ട്വീറ്റുമായി ഗായകന്‍

'ജീപ്പില്‍ ഒരാളെ കെട്ടിയിട്ടു മനുഷ്യകവചമാക്കിയ ആര്‍മിയുടെ നടപടി എല്ലാക്കാലത്തും ആര്‍മിയേയും രാജ്യത്തിനേയും വേട്ടയാടും'- എന്ന ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. വിവാദ ട്വീറ്റുകളിലൂടെ കുപ്രസിദ്ധനായ ഗായകന്‍ അഭിജിത്

കാശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയതിന് എതിരെ മുന്‍ ആര്‍മി തലവന്റെ ട്വീറ്റ്; അപസ്വര ട്വീറ്റുമായി ഗായകന്‍

കാശ്മീരിൽ ഇന്ത്യൻ സൈന്യം ഫാറൂഖ് അഹമ്മദ് ദർ എന്നയാളെ ജീപ്പിൽ വച്ചു കെട്ടി മനുഷ്യകവചം ആക്കിയ നടപടിയെ വിമർശിച്ച് ട്വീറ്റ് ചെയ്ത മുൻ ലെഫ്റ്റനന്റ് കേണൽ എച്ച് എസ് പനാഗിനെതിരേ ഗായകൻ അഭിജീത്തിന്റെ വിദ്വേഷം നിറഞ്ഞ മറുപടി.

'ജീപ്പിൽ ഒരാളെ കെട്ടിയിട്ടു മനുഷ്യകവചമാക്കിയ ആർമിയുടെ നടപടി എല്ലാക്കാലത്തും ആർമിയേയും രാജ്യത്തിനേയും വേട്ടയാടും' എന്നായിരുന്നു പനാഗ് ട്വിറ്ററിൽ കുറിച്ചത്.'പാകിസ്ഥാനെ പിന്തുണയ്ക്കുന്ന പനാഗിനെ കാശ്മീരിലെ തെരുവുകളിൽ മർദിക്കണം' എന്നായിരുന്നു അഭിജീത്തിന്റെ ട്വീറ്റ്.വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും ഹിന്ദുത്വവല്ക്കരണത്തിൽ നിന്നും വിട്ടു നില്ക്കുന്ന ഉദ്യോഗസ്ഥനായിരുന്നു പനാഗ്. അദ്ദേഹത്തിന്റെ നിലപാടുകൾ മനുഷ്യപക്ഷത്തുള്ളതായിരിക്കും എപ്പോഴും. ആർമിയുടെ തലപ്പത്ത് ഇരിക്കുമ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും വിമർശനങ്ങൾ അറിയിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.

ട്വിറ്ററിലൂടെയുള്ള പനാഗിന്റെ ഇടപെടലുകൾ നീതിയും നിയമവും മാനുഷികതയും ഉയർത്തിക്കാണിക്കുന്നവയായിരുന്നു. അതേ മനുഷ്യത്വം തന്നെയായിരിക്കും ജമ്മു കാശ്മീരിൽ ഒരു പൗരനെ മനുഷ്യകവചമാക്കിയ ആർമിയുടെ പ്രവർത്തിയെ വിമർശിക്കാനും കാരണമായത്.

ഗായകൻ അഭിജീത് തന്റെ ഗാനങ്ങളേക്കാളും പ്രശസ്തി നേടിയതു വിവാദങ്ങളിലൂടെയാകാനാണു സാധ്യത. എണ്ണം പറഞ്ഞ വിവാദങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. വഴിയരികിൽ കിടന്നുറങ്ങിയ ഒരാൾ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ കാർ ഇടിച്ചു മരിച്ചപ്പോൾ അഭിജീത് ചിന്തിച്ചത് വേറിട്ട വഴിയിലായിരുന്നു. റോഡുകൾ ഉണ്ടാക്കിയിരിക്കുന്നത് കാറുകൾകും നായകൾകും വേണ്ടിയാണെന്നും മനുഷ്യർക്കു കിടന്നുറങ്ങാനല്ലെന്നുമായിരുന്നു അഭിജീത്തിന്റെ കണ്ടെത്തൽ. ആ ട്വീറ്റിന്റെ പേരിൽ ജനരോഷം ക്ഷണിച്ചു വരുത്തിയിരുന്നു അദ്ദേഹം.

2015ൽ പാകിസ്ഥാനിലെ ഗസൽ ഗായകൻ ഗുലാം അലിയെ തീവ്രവാദി രാജ്യത്തിലെ ഡങ്ക്യൂ ആർട്ടിസ്റ്റ് എന്നു വിളിച്ചപ്പോഴും വിവാദമായിരുന്നു. ട്വിറ്ററിലൂടെ പത്രപ്രവർത്തകയായ സ്വാതി ചതുർവേദിയെ ആക്ഷേപിച്ച കേസിൽ അറസ്റ്റും വരിച്ചിരുന്നു ഇദ്ദേഹം. ബിജെപിയുടെ ട്വിറ്റർ തന്ത്രങ്ങളെക്കുറിച്ചു പുസ്തകം എഴുതിയതിനായിരുന്നു അഭിജീത് സ്വാതിയ്ക്കെതിരെ ട്വീറ്റ് ചെയ്തത്.

ബിജെപിയ്ക്കെതിരേ ശബ്ദിക്കുന്ന ആരും അദ്ദേഹത്തിനു പാകിസ്ഥാൻകാരാണ്. ആരാണ്, എന്താണ്, എന്നൊന്നും അദ്ദേഹത്തിനു വിഷയമല്ല. വിമർശനത്തിന്റെ കാരണവും അറിയേണ്ട. സർക്കാരിനെ വിമർശിക്കുന്നവർ എല്ലാവരും ഒന്നുകിൽ പാകിസ്ഥാൻകാരോ അല്ലെങ്കിൽ പാകിസ്ഥാനിലേയ്ക്കു നാടുകടത്തേണ്ടവരോ ആണ്.

അഭിജീത്തിനുള്ള തക്ക മറുപടി പനാഗ് കൊടുത്തു.

'ബ്രൗൺ ഷർട്ടുകാരാ, ഈ പ്രായത്തിലും എനിക്കു തീവ്രവാദികളേയും നിന്നെപ്പോലെയുള്ള അല്പന്മാരേയും ഒരു പാഠം പഠിപ്പിക്കാൻ കഴിയുമെന്ന്' അദ്ദേഹം ട്വീറ്റ് ചെയ്തു.ഇതെല്ലാം കണ്ട മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കഡ്‌ജുവിന്റെ പ്രതികരണമായിരുന്നു രസാവഹം.

ഒരു കഴുത നിങ്ങളെ തൊഴിച്ചാൽ തിരിച്ച് തൊഴിക്കുമോയെന്ന ഗാലിബിന്റെ ചോദ്യമായിരുന്നു കഡ്‌‌ജു ട്വിറ്ററിൽ ചോദിച്ചത്.