പലായനം അവസാനിക്കും വരെ റൊഹിംഗ്യകള്‍ക്ക് സഹായം നൽകും: സിഖ് സംഘടന ഖല്‍സാ എയ്ഡ്

ഖല്‍സാ എയ്ഡ് എന്ന സിഖ് സംഘടനയുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു ഇന്നലെ. 50,000 പേര്‍ക്ക് നല്‍കാന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

പലായനം അവസാനിക്കും വരെ റൊഹിംഗ്യകള്‍ക്ക്  സഹായം നൽകും: സിഖ് സംഘടന ഖല്‍സാ എയ്ഡ്

ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റൊഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായവുമായി ഖല്‍സാ എയ്ഡ് എന്ന സിഖ് സംഘടന. ഞായറാഴ്ച രാത്രിയാണ് സിഖ് സംഘടനയുടെ വളണ്ടിയര്‍മാര്‍ ലക്ഷക്കണക്കിന് റൊഹിംഗ്യകള്‍ക്ക് സഹായവുമായി എത്തിയത്. റൊഹിംഗ്യകളുടെ അവസ്ഥ പരിതാപകരമാണെന്ന് ഖല്‍സാ എയ്ഡിന്റെ മാനേജിങ് ഡയറക്ടര്‍ അമര്‍പ്രീത് സിംഗ് പറയുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ടെക്‌നാഫ് ടൗണില്‍ റൊഹിംഗ്യകള്‍ക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു അദ്ദേഹം.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു ഇന്നലെ. 50,000 പേര്‍ക്ക് നല്‍കാന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായാണ് ഖല്‍സാ എയ്ഡിസിന്റെ പ്രവര്‍ത്തകര്‍ എത്തിയത്. പക്ഷേ മൂന്ന് ലക്ഷത്തിലേറെ റൊഹിംഗ്യകളാണ് അതിര്‍ത്തി കടക്കുന്നത്. അവര്‍ക്ക് മതിയായ ഭക്ഷണമോ വസ്ത്രമോ കിട്ടുന്നില്ല. എവിടെയെങ്കിലും ഒരു മൂല കാണുമ്പോള്‍ അവിടെ ചെന്നിരിക്കുന്നു. ആരോഗ്യമില്ല. മഴയും പെയ്യുന്നുണ്ട്. അമര്‍പ്രീത് മാധ്യമങ്ങളോട് പറഞ്ഞു.

അവര്‍ക്ക് ലങ്കാര്‍ ഭക്ഷണവും (കൂട്ടം ചേര്‍ന്നുണ്ടാക്കുന്നത്) ടാര്‍പോളിന്‍ ടെന്റുകളും ഒരുക്കാന്‍ പോകുകയാണ് സിഖ് വളണ്ടിയര്‍മാര്‍. എന്നാല്‍, നിലവില്‍ ഇവരുടെ കയ്യിലുള്ള വസ്തുക്കളൊന്നും ഇപ്പോള്‍ പലായനം നടത്തിക്കൊണ്ടിരിക്കുന്ന റൊഹിംഗ്യകളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ തികയില്ല എന്നും അമര്‍പ്രീത് പറയുന്നു. കഴിയുന്നത്ര വേഗത്തില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും എന്നും അമര്‍പ്രീത് പറഞ്ഞു.

ടെക്‌നാഫിലെ ക്യാമ്പുകള്‍ പലതും തിങ്ങിനിറഞ്ഞതാണ്. പലതിലും 50,000 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ പറ്റൂ. എന്നാല്‍ പല ക്യാമ്പുകളിലും ഒരു ലക്ഷത്തിലേറെ പേരാണ് താമസിക്കുന്നത്. 'റൊഹിംഗ്യകകളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും വരെ ടെക്‌നാഫില്‍ ഭക്ഷണം വിതരണം ചെയ്യും. ആരും ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തും'- അമര്‍പ്രീത് പറഞ്ഞു

ധാക്കയില്‍ നിന്നും 10 മണിക്കൂര്‍ ദൂരത്തിലാണ് ടെക്‌നാഫ്. മഴയും സാങ്കേതിക തടസ്സങ്ങളും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ബോട്ട് മാര്‍ഗവും കാട്ടിലൂടെയും 10 ദിവസത്തിലേറെ യാത്ര ചെയ്താണ് ഇവര്‍ ടെക്‌നാഫിലെത്തിയത്.Read More >>