കര്‍ഷകര്‍ക്കു മുന്നില്‍ പത്തിമടക്കി ബിജെപി സര്‍ക്കാര്‍; രാജസ്ഥാന്‍ കര്‍ഷകസമരത്തിന് ഐതിഹാസികവിജയം

ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പതിനാല് ദിവസത്തെ സന്ധിയില്ലാ സമരത്തിലൂടെ നേടിയെടുത്താണ് കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നത്.

കര്‍ഷകര്‍ക്കു മുന്നില്‍ പത്തിമടക്കി ബിജെപി സര്‍ക്കാര്‍; രാജസ്ഥാന്‍ കര്‍ഷകസമരത്തിന് ഐതിഹാസികവിജയം

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പതിനാല് ദിവസമായി രാജസ്ഥാനിലെ സിക്കാറില്‍ നടന്നുവരുന്ന കര്‍ഷകസമരത്തിന് ചരിത്രവിജയം. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പതിനാല് ദിവസത്തെ സന്ധിയില്ലാ സമരത്തിലൂടെ നേടിയെടുത്താണ് കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് നിമിത്തം കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. പിന്തുണ വര്‍ധിച്ചതോടെ വലിയ ജനകീയ സമരമായി അത് മാറുകയായിരുന്നു.

രാജസ്ഥാനിലെ കര്‍ഷകരുടെ അമ്പതിനായിരം രൂപവരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിളകള്‍ക്ക് താങ്ങുവില നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കൃഷിക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കാനും കര്‍ഷക പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനമായി. കൃഷിക്കാവശ്യമായ കനാല്‍ ജലം ലഭ്യമായില്ലെങ്കില്‍ നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് എന്നിവയടക്കമുള്ള നിര്‍ദേശങ്ങളും നടപ്പിലായിട്ടുണ്ട്.

കര്‍ഷക സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ച് സമരത്തെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് സമരം മുന്നോട്ടുപോയത്. അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് അമ്രാറാമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി തെരുവിലിറങ്ങിയിരുന്നു. പൊലീസ് ഇടപെടലുകള്‍ പലപ്പോഴും സംഘര്‍ഷത്തിനും കാരണമായിരുന്നു.

കർഷകരുടെ ആഹ്ലാദപ്രകടനത്തിൻ്റെ വീഡിയോ-Read More >>