ജനസംഖ്യ വർദ്ധിക്കുന്നു; രാജ്യത്തെ മുസ്ലിങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് പരാമര്‍ശം

ജനസംഖ്യ വർദ്ധിക്കുന്നു; രാജ്യത്തെ മുസ്ലിങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന

മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി ശിവസേന. മുസ്ലീം ജനസംഖ്യ വർദ്ധിക്കുകയാണെന്നും അത് നിയന്ത്രിക്കാൻ അടിയന്തരമായ ഇടപെടല്‍ എന്ന നിലയിൽ നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പെടെ നടപ്പിലാക്കണമെന്ന ആവശ്യവുമായാണ് ശിവസേനയുടെ രംഗപ്രവേശം. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍. മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതായുളള അതിര്‍ത്തി സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാംമ്‌നയിലെ ലേഖനം.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ അടക്കമുളള ഗ്രാമങ്ങളില്‍ മുസ്ലീം ജനസംഖ്യ അടുത്തിടെ വര്‍ധിച്ചതായി ബിഎസ്എഫിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ഈ റിപ്പോര്‍ട്ട് പ്രകാരം മുസ്ലീം ജനസംഖ്യ ഉയരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊളളണം എന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്ലീം ജനസംഖ്യ ഉയരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാനുളള ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണം എന്നും ശിവസേന ആവശ്യപ്പെടുന്നു. മുത്തലാഖ് നിരോധിക്കാന്‍ ധൈര്യം കാണിച്ച കേന്ദ്ര സര്‍ക്കാര്‍ സിവില്‍ കോഡില്‍ ഭേദഗതി വരുത്തി മുസ്ലീം ജനസംഖ്യയും നിയന്ത്രിക്കണമെന്നും സാമ്‌നയിലെ ലേഖനത്തിലൂടെ ശിവസേന ആവശ്യപ്പെടുന്നു.

അതേസമയം സാമ്‌നയിലെ മുഖപ്രസംഗത്തെ മുസ്ലീം സംഘടനാ നേതാക്കള്‍ അപലപിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശിവസേനയുടെ തന്ത്രമാണിത് എന്നാണ് നേതാക്കളുടെ പ്രതികരണം. സമീപ വര്‍ഷങ്ങളില്‍ രാജ്യത്തെ മുസ്ലീം ജനസംഖ്യ കുറയുന്നതായാണ് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് എന്ന് എംഐഎം നേതാവ് വാരിസ് പത്താന്‍ ചൂണ്ടിക്കാട്ടി. കാലങ്ങളായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നു എന്ന തരത്തില്‍ പ്രചാരണം നടത്തുന്നുണ്ട്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം എന്ന് ബിജെപി നേതാക്കള്‍ അടക്കം മുന്‍പ് ആവശ്യപ്പെട്ടിട്ടുമുണ്ട്.