വിമാനത്തിലെ ഗുണ്ടായിസത്തിന് വലിയ വില; ശിവസേന എംപിയുടെ ടിക്കറ്റ് ഇന്‍ഡിഗോ എയര്‍ലൈന്‍സും റദ്ദാക്കി

വിമാനക്കമ്പനികള്‍ സമാന നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ എയര്‍ ഇന്ത്യ വിമാന ജീവനക്കാരനെ ചെരുപ്പൂരിയടിച്ച രവീന്ദ്ര ഗെയ്ക്ക്‌വാദിന് ഇനി ട്രെയിനില്‍ കയറി പാര്‍ലമെന്റ് സമ്മേളനത്തിന് പോകേണ്ടിവരും

വിമാനത്തിലെ ഗുണ്ടായിസത്തിന് വലിയ വില; ശിവസേന എംപിയുടെ ടിക്കറ്റ് ഇന്‍ഡിഗോ എയര്‍ലൈന്‍സും റദ്ദാക്കി

എയര്‍ ഇന്ത്യാ വിമാനത്തില്‍ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെതിരെ കൂടുതല്‍ വിമാനക്കമ്പനികളുടെ പ്രതിഷേധ നടപടി. ഇന്ന് വൈകിട്ട് നാലിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് പൂനൈയ്ക്ക് ചെയ്തിരുന്ന ടിക്കറ്റ്് ഇന്‍ഡിഗോ എയര്‍ലൈന്‍സ് റദ്ദാക്കി. '

ഇതേ റൂട്ടില്‍ ഇതേ സമയത്ത് ബുക്ക് ചെയ്ത ടിക്കറ്റ് നേരത്ത എയര്‍ ഇന്ത്യയും റദ്ദാക്കിയിരുന്നു. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ തര്‍ക്കത്തെത്തുടര്‍ന്ന് ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തെത്തുടര്‍ന്നാണ് വിമാനക്കമ്പനികളുടെ നടപടി. ബുക്ക് ചെയ്ത ടിക്കറ്റ് ഗെയ്ക്ക്‌വാദിന് വേണ്ടിയായിരുന്നുവെന്ന് മനസിലായയുടന്‍ കമ്പനി റദ്ദാക്കുകയായിരുന്നുവെന്ന് ഒരു വിമാനക്കമ്പനി ജീവനക്കാരന്‍ പറഞ്ഞു. ഒന്നുകില്‍ ട്രെയിനില്‍ യാത്ര ചെയ്യാനോ അല്ലെങ്കില്‍ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്യാനോ എംപിയ്ക്ക് ഉപദേശവും നല്‍കിയിട്ടുണ്ട് കമ്പനി.

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എം പി രവീന്ദ്ര ഗേയക്ക്‌വാദിനെ കരിമ്പട്ടികയില്‍ പെടുത്തിയ എയര്‍ഇന്ത്യക്കു പിന്നാലെ പ്രശ്നക്കാരായ യാത്രക്കാര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളും രംഗത്തുവന്നതായി റിപ്പോര്‍ട്ടുകളുണ്ടായരുന്നു. എയര്‍ ഇന്ത്യയില്‍ മാത്രമല്ല എല്ലാ വിമാനങ്ങളിലും ഈ നിയമം പ്രാബല്യത്തിലാക്കണമെന്നാണ് സ്വകാര്യകമ്പനികളുടെ നിലപാട്. വിമാനങ്ങളില്‍ പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്തി അവര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കാനുള്ള നടപടികള്‍സ്വീകരിക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ തയ്യാറെടുക്കുകയാണ്.

ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങി ഫെഡറേഷന്‍ അംഗങ്ങളായ സ്വകാര്യ കമ്പനികള്‍ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രശ്നക്കാര്‍ക്ക് വിമാനയാത്ര സ്വപ്നം മാത്രമാകും. അമേരിക്കന്‍ മാതൃകയിലായിരിക്കും പട്ടിക തയ്യാറാക്കുക. അമേരിക്കയില്‍ ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് ഭാവിയില്‍ വിമാനയാത്ര ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള തീരുമാനം തന്നെയാണ് എടുക്കുകയെന്ന് എയര്‍പോര്‍ട്ട് അഥോറിട്ടിയും അറിയിച്ചിട്ടുണ്ട്.