ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിനടിച്ചു

സീറ്റ് സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് രവീന്ദ്ര ഗെയ്ക്ക്‌വാദ് എന്ന ശിവസേന നേതാവ് ജീവനക്കാരനെ മര്‍ദ്ദിച്ചത്

ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിനടിച്ചു

വിമാനത്തിനുള്ളില്‍ വെച്ച് ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമായ രവീന്ദ്ര ഗെയ്ക്ക്‌വാദ് ആണ് സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചത്. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഇന്ന് രാവിലെ 11നാണ് സംഭവം.

ആക്രമണ സംഭവം എ എന്‍ ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദ്ദനം നടത്തിയതായി സമ്മതിച്ച ഗെയ്ക്ക്‌വാദ് ജീവനക്കാരന്റെ മോശം പെരുമാറ്റമാണ് കാരണമായതെന്ന് പറഞ്ഞു. ബിസിനസ് ക്ലാസ് ടിക്കറ്റാണ് താന്‍ ബുക്കുചെയ്തതെന്നും എന്നാല്‍ സീറ്റ് ലഭിച്ചില്ലെന്നും ഗെയക്ക്‌വാദ് പറഞ്ഞു. പലതവണ പരാതിപ്പെട്ടിട്ടും സീറ്റ് ലഭിക്കാതെ വന്നതിനാലാണ് ചെരുപ്പൂരിയടിച്ചതെന്ന് എംപി പറഞ്ഞു.