എം എല്‍ എ ജോലിയും ഔട്ട്‌സോഴ്‌സിംഗ്: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എ മണ്ഡലം സന്ദര്‍ശിക്കാന്‍ പകരക്കാരനെ അയച്ചു

പകരക്കാരനെ തിരിച്ചറിയാതിരുന്ന മണ്ഡലത്തിലെ ജനം അദ്ദേഹത്തിനു സ്വീകരണമൊരുക്കുകയും യോഗം സംഘടിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു

എം എല്‍ എ ജോലിയും ഔട്ട്‌സോഴ്‌സിംഗ്: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എ മണ്ഡലം സന്ദര്‍ശിക്കാന്‍ പകരക്കാരനെ അയച്ചു

മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എ മണ്ഡലം സന്ദര്‍ശിക്കാനായി പകരക്കാരനെ അയച്ചതായി ആരോപണം. ഒസ്മാനാബാദ് എംഎല്‍എ ഗൗതം ചബൂസ്‌ക്കര്‍ക്കെതിരെയാണ് ആരോപണം. വരള്‍ച്ച ബാധിച്ച തന്റെ മണ്ഡലം സന്ദര്‍ശിക്കാന്‍ ശിവസേനാ നേതാവു കൂടിയായ യശോധര്‍ ഫാന്‍സയെ ഇദ്ദേഹം നിയോഗിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് ഗൗതം ചബൂസ്‌ക്കര്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം ചെയ്തത്.

എന്നാല്‍ യശോധര്‍ ഫാന്‍സയെ എംഎല്‍എയാണെന്ന ധാരണയില്‍ നാട്ടുകാര്‍ സ്വീകരിച്ചതായും യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തിരുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ശിവസേനയുടെ പിന്തുണയോടെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സംഭവത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. "തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയില്‍ നിന്നുള്ള ഈ നടപടി ഞെട്ടിക്കുന്നതാണ്," ബിജെപി നേതാവ് എന്‍ സി ഷൈന പറഞ്ഞു.

ബിജെപി-ശിവസേന ഗവണ്‍മെന്റ് കര്‍ഷകരുടെ പ്രശ്‌നം എത്രമാത്രം ലാഘവത്തോടെയാണു കൈകാര്യം ചെയ്യുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നതായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. നിയമസഭാ സ്പീക്കറോ മുഖ്യമന്ത്രിയോ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ആവശ്യപ്പെട്ടു.