ഷീന ബോറ വധം: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ച നിലയില്‍; മകനെ കാണാനില്ല

ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ധന്യേശ്വര്‍ ഗണോര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. 21കാരനായ മകനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന് പൊലിസ് പറഞ്ഞു.

ഷീന ബോറ വധം: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ച നിലയില്‍; മകനെ കാണാനില്ല

ഷീന ബോറ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ 21കാരനായ മകനെ കാണാതായി. മുംബൈയിലെ സാന്താക്രൂസില്‍ ഇന്നലെ രാത്രിയിലാണ് ദിപാലി ഗണോര്‍ (42) കഴുത്തില്‍ കുത്തേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ധന്യേശ്വര്‍ ഗണോര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. 21കാരനായ മകനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന് പൊലിസ് പറഞ്ഞു.

''ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയാനായിട്ടില്ല. കേസെടുത്ത് ഊര്‍ജിതമായി അന്വേഷണം നടത്തിവരികയാണ്'' മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മഹാദേവ് വാവേലെ പറഞ്ഞു. രാത്രി 11ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധന്യേശ്വര്‍ തുടര്‍ച്ചയായി കോളിംഗ് ബെല്ലടിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല.

അയല്‍ക്കാരോട് വിവരം തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ഇരുവരും ഷോപ്പിംഗിന് പോയെന്ന ധാരണയില്‍ ധന്യേശ്വര്‍ വീടിന് പുറത്തു കാത്തിരുന്നതായി പൊലീസ് പറഞ്ഞു. ഒടുവില്‍ രാത്രി ഒരു മണിയോടെ ചവറ്റുകുട്ടയില്‍ നിന്ന് താക്കോല്‍ ലഭിച്ച ധന്യേശ്വര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധന്യേശ്വര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വകോല പൊലീസ് സ്ഥലത്തെത്തി ദിപാലി ഗണോറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.