പൗരത്വ ബിൽ: ആസാമിൽ മോദിക്കെതിരെ കരിങ്കൊടി; ഏഴ് കസ്റ്റ‍ഡിയിൽ

മോദി ഗോ ബാക്ക് മുദ്യാവാക്യങ്ങളോടെയായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

പൗരത്വ ബിൽ: ആസാമിൽ മോദിക്കെതിരെ കരിങ്കൊടി; ഏഴ് കസ്റ്റ‍ഡിയിൽ

ആസാമിൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ രജിസ്ട്രേഷൻ ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കരിങ്കൊടി കാണിച്ച ഏഴു പേർ കസ്റ്റഡിയിൽ. ഓൾ ആസാം സ്റ്റുഡൻ്റ്സ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർദോളോയി വിമാനത്താവളത്തിൻ നിന്ന് രാജ്ഭവനിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്നുദിവസ സന്ദർശനത്തിനായി ഇന്നലെ വൈകീട്ടായിരുന്നു മോദി ഗുവാഹത്തിയിലെത്തിയത്. മോദി ഗോ ബാക്ക് മുദ്യാവാക്യങ്ങളോടെയായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഓള്‍ ആസാം സ്റ്റുഡൻ്റ്സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതികെഎംഎസ്എസ്) യും പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മോദി സംരക്ഷിക്കുകയാണെന്നും ഇത് മുന്നോട്ടുപോകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് സ്റ്റുഡൻ്റ്സ് യൂണിയൻ പറയുന്നത്. 'കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കാന്‍ കറുത്ത വസ്ത്രം ധരിച്ച് ജനങ്ങള്‍ റോഡിലിറങ്ങുമെന്ന് കെഎംഎസ്എസ് നേതാവ് അഖില്‍ ഗൊഗോയി പറഞ്ഞു.

അതേസമയം, മോദിക്കെതിരെ ഉയർന്ന പൗരത്വ ബിൽ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ഗുവഹാത്തിയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ആസാം സ്റ്റുഡൻസ് യൂനിയൻ 12 മണിക്കൂർ ബന്ദ് ഉൾപ്പെടെ പ്രഖ്യാപിച്ച് സാഹചര്യത്തിലാണ് നടപടി.