കവിയെ രാജ്യദ്രോഹിയാക്കി സീ ന്യൂസിന്റെ വ്യാജ വാർത്ത; ഒരു ലക്ഷം രൂപ പിഴയിട്ട് എൻബിഎസ്എ

എൻബിഎസ്എയുടെ ഉത്തരവിൽ സീ ന്യൂസ് നൽകിയ വാർത്ത വസ്തുതകൾ വളച്ചൊടിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ​ഗൗഹർ റാസയെക്കുറിച്ച് ഏകപക്ഷീയവും വാർത്തയെന്ന് തോന്നിപ്പിക്കാൻ വസ്തുതകൾ വളച്ചൊടിക്കുകയുമാണ് സീ ന്യൂസ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു.

കവിയെ രാജ്യദ്രോഹിയാക്കി സീ ന്യൂസിന്റെ വ്യാജ വാർത്ത; ഒരു ലക്ഷം രൂപ പിഴയിട്ട് എൻബിഎസ്എ

പ്രശസ്ത കവിയായ ​ഗൗഹർ റാസയെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തതിന് സീ ന്യൂസിന് പിഴ വിധിച്ചു. ടെലിവിഷൻ സംപ്രേക്ഷണങ്ങൾ നിരീക്ഷിക്കുന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് സ്റ്റാൻഡേർഡ്സ് അതോരിറ്റി (എൻബിഎസ്എ) യാണ് സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഫെബ്രുവരി 16ന് രാത്രി ഒമ്പത് മണിക്ക് ഇം​ഗ്ലീഷിലും ഹിന്ദിയിലും ചാനൽ ക്ഷമാപണം നടത്തണം.

ബിജെപിയുടെ രാജ്യസഭാ എംപി കൂടിയായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ ന്യൂസ് ചാനലിൽ കവി ​ഗൗഹർ റാസ രാജ്യ ദ്രോഹിയാണെന്നും അഫ്സൽ ​ഗുരുവിനെ അനുകൂലിക്കുന്നയാളുമാണെന്നാണ് വാർത്ത നൽകിയത്. ഒരു സിംപോസിയത്തിൽ അദ്ദേഹത്തിന്റെ കവിതാലാപനത്തിലെ ഏതാനും ഭാ​ഗങ്ങളെടുത്താണ് അഫ്സൽ പ്രേമി മുഷെെറ എന്ന പേരിട്ട് വ്യാജ വാർത്ത നൽകിയത്. ഇതിനെതിരെ ​ഗൗഹർ റാസ സീ ന്യൂസ് മാനേജ്മെന്റിന് കത്തെഴുതുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്തംബറിൽ എൻബിഎസ്എയുടെ ഉത്തരവിൽ സീ ന്യൂസ് നൽകിയ വാർത്ത വസ്തുതകൾ വളച്ചൊടിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ​ഗൗഹർ റാസയെക്കുറിച്ച് ഏകപക്ഷീയവും വാർത്തയെന്ന് തോന്നിപ്പിക്കാൻ വസ്തുതകൾ വളച്ചൊടിക്കുകയുമാണ് സീ ന്യൂസ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. ഇതിനെതിരെ സീ ന്യൂസ് മാനേജ്മെന്റ് നൽകിയ റിവ്യൂ പെറ്റീഷൻ തള്ളിയാണ് എൻബിഎസ്എ പിഴ ശിക്ഷ വിധിക്കുകയും ക്ഷമാപണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തത്. കവി അശോക് വാജ്പേയ്, നടി ശർമിള ടാ​ഗോർ, ​ഗായിക ശുഭാ മുദ്​ഗൽ, എഴുത്തുകാരി സെയ്ദാ ഹമീദ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി.

Read More >>