സോണിയയ്ക്കും രാഹുലിനും വന്‍ തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായനികുതി വകുപ്പ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള എ ജെ എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ചു തട്ടിയെടുത്തു എന്നാണ് കേസ്.

സോണിയയ്ക്കും രാഹുലിനും വന്‍ തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായനികുതി വകുപ്പ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി നല്‍കി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായനികുതി വകുപ്പ് അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെയും തെളിവുകളുടെയും ലിസ്റ്റ് നേരത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള എ ജെ എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു കമ്പനി രൂപീകരിച്ചു തട്ടിയെടുത്തു എന്നാണ് കേസ്. 50 ലക്ഷം രൂപ മാത്രം മുടക്കി കോണ്‍ഗ്രസ് നേതാക്കള്‍ 90.25 കോടി രൂപ തിരിച്ചു പിടിക്കാനുള്ള അധികാരം നേടിയതായയും സ്വാമിയുടെ പരാതിയില്‍ പറയുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി, മോട്ടിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങി 11 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. 1937ല്‍ ജവഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പിന്നീട് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നതായാണ് സ്വാമിയുടെ പരാതി.

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ പലിശരഹിത വായ്പ നല്‍കിയതായും ആ തുക തിരിച്ചടച്ചിട്ടില്ലെന്നും സ്വാമി ആരോപിച്ചിരുന്നു. ഇത് ആദായ നികുതി നിയമത്തിലെ 269 ടി വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് അദ്ദേഹം മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. ഐപിസി 403, 406, 420, 120 ബി വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2015 ഡിസംബര്‍ 19ന് സോണിയ, രാഹുല്‍, വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ആദായ നികുതി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.