ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും നിര്‍ബന്ധിത സേവന നികുതി വാങ്ങാന്‍ അവകാശമില്ലെന്ന് കേന്ദ്രം

ഏതെങ്കിലും ഹോട്ടലിലെ റെസ്‌റ്റോറന്റിലോ നിര്‍ബന്ധിതമായി സേവന നികുതി വാങ്ങാനുള്ള ശ്രമം നടന്നാല്‍ ഉപഭോക്താവിന് ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും നിര്‍ബന്ധിത സേവന നികുതി വാങ്ങാന്‍ അവകാശമില്ലെന്ന് കേന്ദ്രം

ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം സേവനനികുതി വാങ്ങാന്‍ അവകാശമില്ലെന്ന് കേന്ദ്രം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാനാണ് ഇക്കാര്യമറിയിച്ചത്. ഇക്കാര്യം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിച്ചതോടെയാണിത്. ''ഉപഭോക്താക്കള്‍ എത്ര തുക സേവന നികുതിയിനത്തില്‍ നല്‍കണമെന്ന കാര്യം തീരുമാനിക്കാന്‍ ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അവകാശമില്ല. ഇക്കാര്യം തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനാണ്. സേവനികുതിയെന്നത് ഒരിക്കലും നിര്‍ബന്ധിതമാകരുത്. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠിച്ച ഗവണ്‍മെന്റ് അത് അംഗീകരിച്ചിരിക്കുന്നു'' പാസ്വാന്‍ പറഞ്ഞു.

ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ ബില്ലിലെ സേവന നികുതിയെന്ന ഭാഗം ഉപഭോക്താക്കളാണ് പൂരിപ്പിക്കേണ്ടത്. ഏതെങ്കിലും ഹോട്ടലിലെ റെസ്‌റ്റോറന്റിലോ നിര്‍ബന്ധിതമായി സേവന നികുതി വാങ്ങാനുള്ള ശ്രമം നടന്നാല്‍ ഉപഭോക്താവിന് ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സേവന നികുതിയെന്ന പേരില്‍ പണം വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം പാസ്വാന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചിരുന്നു.