പ്രശസ്തനാവാൻ വ്യത്യസ്ത മാർ​ഗം; ഐഎസിന്റെ പേരിൽ വ്യാജ ഭീഷണിക്കത്ത് നിർമിച്ച ശാസ്ത്രജ്ഞൻ പിടിയിൽ

ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയെ ആണ് പൊലീസ് പിടികൂടിയത്.ഗൂ​ഗിൾ ട്രാൻസലേറ്റർ ഉപയോ​ഗിച്ചാണ് ഇയാൾ ​​ഐഎസിന്റെ പേരിൽ വ്യാജ ഭീഷണിക്കത്ത് തയ്യാറാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ട്രാൻസലേഷൻ ആപ്ലിക്കേഷൻ കംപ്യൂട്ടറിൽനിന്നും ഇയാൾ ഡിലീറ്റ് ചെയ്തുകളഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് റിക്കവർ ചെയ്തെടുക്കുകയായിരുന്നു.

പ്രശസ്തനാവാൻ വ്യത്യസ്ത മാർ​ഗം; ഐഎസിന്റെ പേരിൽ വ്യാജ ഭീഷണിക്കത്ത് നിർമിച്ച ശാസ്ത്രജ്ഞൻ പിടിയിൽ

അറബി ഭാഷയിൽ ഐഎസിന്റെ പേരിൽ വ്യാജ ഭീഷണിക്കത്ത് നിർമിച്ച ശാസ്ത്രജ്ഞൻ പിടിയിൽ. ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയെ ആണ് പൊലീസ് പിടികൂടിയത്.

അഹമ്മദാബാദ് ഡിറ്റക്ഷൻ ​ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഗൂ​ഗിൾ ട്രാൻസലേറ്റർ ഉപയോ​ഗിച്ചാണ് ഇയാൾ ​​ഐഎസിന്റെ പേരിൽ വ്യാജ ഭീഷണിക്കത്ത് തയ്യാറാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ട്രാൻസലേഷൻ ആപ്ലിക്കേഷൻ കംപ്യൂട്ടറിൽനിന്നും ഇയാൾ ഡിലീറ്റ് ചെയ്തുകളഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് റിക്കവർ ചെയ്തെടുക്കുകയായിരുന്നു.

ഇയാളുടെ കംപ്യൂട്ടറിൽ നിന്നും അറബി ഭാഷയിലുള്ള കത്തും അതിന്റെ പരിഭാഷയും പൊലീസ് കണ്ടെടുത്തു.

മലേറിയയുടേയും എയ്ഡ്സിന്‍റെയും മരുന്നിന്റെ രഹസ്യ ഫോർമുല വേണമെന്ന് ആവശ്യപ്പെട്ട് ഭീകരർ ഭീഷണി കത്ത് അയച്ചെന്ന് ശാസ്ത്രജ്ഞൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മുകേഷ് ശുക്ല വലയിലായത്.

28 വർഷമായി താൻ എയ്‍ഡ്സ് ചികിത്സയ്ക്കുള്ള മരുന്നിന്റെ ​ഗവേഷണത്തിലായിരുന്നെന്നും എന്നാൽ സമൂഹം തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇത് തന്നെ വിഷാദത്തിലാക്കിയിരുന്നതായും ഇയാൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. അതിനാൽ പെട്ടെന്ന് വാർത്തയിലിടം നേടി പ്രശസ്തനാവാൻ വേണ്ടിയാണ് ഇയാൾ വ്യാജ ഭീഷണി ഉണ്ടാക്കിയതെന്നും പൊലീസ് അറിയിച്ചു.

ഇയാളെ തുടർ അന്വേഷണത്തിനായി ലോക്കൽ പൊലീസിനു കൈമാറിയതായി ഡിസിപി ദീപൻ ബദ്രൻ പറഞ്ഞു. അതേസമയം, 60കാരനായ ശുക്ലയുടെ ആരോ​ഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു എസ്പി ദീപക് മേഖാനിയുടെ വാദം.