നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയി; അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു

ഭൂമി ഏറ്റെടുത്തിനുള്ള അധികനഷ്ടപരിഹാര തുകയ്ക്കായി പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ച രൺവീർ സിംങിനാണ് നിയമം ദുരുപയോഗം ചെയ്തതിന് പിഴ വിധിച്ചത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയി; അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു

സ്ഥലം ഏറ്റെടുത്തതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടയാള്‍ക്ക് സുപ്രീം കോടതി വിധിച്ചത് അഞ്ച് ലക്ഷം രൂപ പിഴ. നോയ്ഡ സ്വദേശിയായ രണ്‍വീര്‍ സിംങ് എന്നയാള്‍ക്കാണ് നിയമം ദുര്‍വിനിയോഗം ചെയ്തതിനു കോടതി പിഴ വിധിച്ചത്.

2007 ലാണ് സിംങിന്‌റെ ഭൂമി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വ്യാവസായിക വികസനം ലക്ഷ്യമാക്കി ഗ്രേറ്റര്‍ നോയ്‌ഡ, നോയ്‌ഡ എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിന്‌റെ ഭാഗമായിട്ടായിരുന്നു അത്.

ഏറ്റെടുക്കലിനെ ചോദ്യം ചെയ്ത് നല്‍കിയ പരാതി ഹൈക്കോടതി തള്ളുകയായിരുന്നു.ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരി വയ്ക്കുകയായിരുന്നു.

പിന്നീട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അധികനഷ്ടപരിഹാരം അനുവദിച്ചെങ്കിലും സിംങ് അതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനു അധികനഷ്ടപരിഹാരം അനുവദിക്കാനുള്ള അധികാരം ഇല്ലെന്നായിരുന്നു വാദം. പക്ഷേ, ഹര്‍ജി ഹൈക്കോടതി തള്ളി.

സിംങ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ നിയമം ദുര്‍വിനിയോഗം ചെയ്തുവെന്ന പേരില്‍ സിംങിന് 25 ലക്ഷം രൂപ പിഴയിടാനായിരുന്നു കോടതിയുടെ തീരുമാനം.

'സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ രണ്ട് മാസത്തോളം ഈ കേസ് പഠിച്ചു. ഇത് നിയമത്തിന്‌റെ ദുരുപയോഗമാണ്. എന്താണ് സംഭവിക്കുന്നത്? ഈ രാജ്യത്തിലെ ജനങ്ങള്‍ ഓര്‍ത്തിരിക്കാനായി വലിയ പിഴ ചുമത്തുകയാണ്,' ജസ്റ്റിസുമാരായ എംഎം സന്താനഗൗഡര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.

പിന്നീട്, പാവപ്പെട്ട കര്‍ഷകന്‍ ആയതു കൊണ്ട് പിഴ അഞ്ച് ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‌റെ വെല്‍ഫെയര്‍ ഫണ്ടിലേയ്ക്കു രണ്ട് മാസത്തിനകം തുക അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.