കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനു തിരിച്ചടി: ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു; ഒമ്പതു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി

ഝാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനു തിരിച്ചടി: ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു; ഒമ്പതു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി

കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ലാലുവിനെതിരെ കോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു. ലാലുവിനെ കേസില്‍ പ്രത്യേകമായി വിചാരണ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഝാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

അന്വേഷണം ഒമ്പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ലാലുവിനെക്കൂടാതെ കൂട്ടുപ്രതികളായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ഝാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സജല്‍ ചക്രവര്‍ത്തി എന്നിവരേയും വിചാരണയ്ക്ക് വിധേയരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ലാലുവിന് അനുകൂല നിലപാടെടുത്ത ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സുപ്രീം കോടതി വിമര്‍ശിച്ചു. നിയമം മറന്നു ഹൈക്കോടതി ലാലുവിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ ഹരജി സമര്‍പ്പിക്കാന്‍ വൈകിയതിന് കോടതി സിബിഐയെ വിമര്‍ശിച്ചു.

കാലിത്തീറ്റ കേസുമായി ബന്ധപ്പെട്ട സമാന കേസുകളില്‍ തെളിവുകളും സാക്ഷികളും ഒന്നായതിനാല്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദിനേയും കൂട്ടരേയും മറ്റു കേസുകളില്‍ വിചാരണ ചെയ്യാനാകില്ലെന്നായിരുന്നു ഝാര്‍ഖണ്ഡ് ഹൈക്കോടതി 2014ല്‍ വിധിച്ചത്. കേസുകള്‍ പല സ്വഭാവമുള്ളതാണെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. 1990-97 കാലയളവില്‍ ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 1,000 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. ഇതില്‍ 38 കോടി രൂപ തട്ടിയെടുത്ത കേസില്‍ റാഞ്ചിയിലെ വിചാരണക്കോടതി ലാലുവിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.