ജുഡീഷ്യറിയിലെ പ്രതിസന്ധി പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങൾ; ഫുൾ കോർട്ട് ചേരാൻ സാധ്യത

കലാപമുണ്ടാക്കിയ ജഡ്ജിമാരുമായി പ്രതിനിധികള്‍ മുഖേന ചീഫ് ജസ്റ്റിസ് ആശയവിനിമയത്തിനു ശ്രമിച്ചുവരികയാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ല.

ജുഡീഷ്യറിയിലെ പ്രതിസന്ധി പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങൾ; ഫുൾ കോർട്ട് ചേരാൻ സാധ്യത

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സഹ ജഡ്ജിമാർക്കുമിടയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ജുഡീഷ്യറിയിലെ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം നടക്കുന്നത്.

നാലു ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാൽ ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.

ഇപ്പോഴത്തെ പ്രതിസന്ധി നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്നമാണെന്നും അതിനകത്തു തന്നെ പരിഹരിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണു പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതലോടെയാണ് ഇടപെടുന്നത്.

അതേസമയം, മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ ആരോപണമുയരുന്നത്. രണ്ടിലും ചീഫ് ജസ്റ്റിസിനെതിരേ ജസ്റ്റിസ് ഡെ ചെലമേശ്വറും ഉണ്ടെന്നത് ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റിസ് പദവിയിലിരിക്കേ മറ്റാരും ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടില്ല. കഴിഞ്ഞ നവംബറിലാണ് ലക്നൗവിലെ പ്രശാന്ത് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസിനെതിരേ പരോക്ഷമായി ആരോപണമുന്നയിക്കപ്പെട്ടത്. ഉന്നത ജുഡീഷ്യറിക്കെതിരേയും ആരോപണമുള്ളതിനാൽ കേസ് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ക്യാംപയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് (സിജെഎആർ)എന്ന സംഘടനയും കാമിനി ജയ്സ്വാൾ എന്ന അഭിഭാഷകയും ഹരജികളിലൂടെ ആവശ്യപ്പെട്ടത്. ഹരജികൾ തള്ളപ്പെട്ടു എന്നു മാത്രമല്ല, സിജെഎആറിനു 25 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ഇപ്പോൾ നാലു മുതിർന്ന ജഡ്ജിമാർ ചേർന്നു ചീഫ് ജസ്റ്റിസിനെതിരേ ഉന്നയിച്ചിരിക്കുന്നത് അധികാര ദുർവിനിയോ​ഗമാണ്. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട ഹരജികൾ തീർപ്പാക്കാൻ തനിക്കു താൽപ്പര്യമുള്ള ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് നിയോ​ഗിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ തീരുമാനിക്കുന്നതിൽ വിവേചനമുണ്ടെന്നാണ് കഴിഞ്ഞദിവസം ജഡ്ജിമാർ വാർത്താസമ്മേളനത്തിലും ഉന്നയിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമെയുള്ളൂ. കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജഡ്ജിമാർ ആരോപിച്ചിരുന്നു.

കലാപമുണ്ടാക്കിയ ജഡ്ജിമാരുമായി പ്രതിനിധികള്‍ മുഖേന ചീഫ് ജസ്റ്റിസ് ആശയവിനിമയത്തിനു ശ്രമിച്ചുവരികയാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ല.

Read More >>