റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് സുപ്രീം കോടതി തടഞ്ഞു; മനുഷ്യാവകാശം അവഗണിക്കാനാകില്ലെന്നും കോടതി

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഏത് തീരുമാനമെടുത്താലും അതിന് മുമ്പ് കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് സുപ്രീം കോടതി തടഞ്ഞു; മനുഷ്യാവകാശം അവഗണിക്കാനാകില്ലെന്നും കോടതി

രാജ്യത്ത് കുടിയേറിപ്പാര്‍ക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതിയുടെ വിലക്ക്. നാടുകടത്തല്‍ താല്‍ക്കാലികമായി തടഞ്ഞ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കേസില്‍ വിചാരണ കേള്‍ക്കുന്ന അടുത്ത തീയതിയായ നവംബര്‍ 21വരെ ഒരു രോഹിംഗ്യന്‍ അഭയാര്‍ത്ഥിയെപ്പോലും നാടുകടത്തരുതെന്ന് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള മനുഷ്യാവകാശം അവഗണിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മ്യാന്‍മാറില്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ കൂട്ടക്കൊലക്ക് ഇരയായതിനെത്തുടര്‍ന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ അഭയം തേടിയത്.

''ഇതൊരു സാധാരണ കേസല്ല. നിരവധിപ്പേരുടെ മനുഷ്യാവകാശങ്ങളും ഈ കേസിന്റെ ഭാഗമായുണ്ട്'' കോടതി പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഏത് തീരുമാനമെടുത്താലും അതിന് മുമ്പ് കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജമ്മു കശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളായി 40,000ത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്.

ഇതില്‍ 15,000 പേര്‍ക്ക് അഭയാര്‍ത്ഥികള്‍ക്കുള്ള രേഖകള്‍ ലഭിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരെയുള്‍പ്പെടെ മുഴുവന്‍ അഭയാര്‍ത്ഥികളേയും നാടുകടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Read More >>