വ്യക്തതവരുത്തി എസ്ബിഐ; നാല് ഇടപാടുകള്‍ക്ക് ശേഷം മാത്രം സര്‍വീസ് ചാര്‍ജ്

നേരത്തെ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്ന് എസ്ബിഐ അധികൃതര്‍ പറഞ്ഞു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ഇതെന്നും ബാങ്ക് വിശദീകരിക്കുന്നു.

വ്യക്തതവരുത്തി എസ്ബിഐ; നാല് ഇടപാടുകള്‍ക്ക് ശേഷം മാത്രം സര്‍വീസ് ചാര്‍ജ്

എ ടി എം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ എസ്ബിഐ ഭാഗികമായി തിരുത്തി. മാസത്തില്‍ ആദ്യത്തെ നാല് എ ടി എം ഇടപാടുകള്‍ സൗജന്യമാക്കിക്കൊണ്ടാണ് എസ്ബിഐയുടെ തിരുത്ത്. എല്ലാ എ ടി എം ഇടപാടുകള്‍ക്കും പണം ഈടാക്കുമെന്നായിരുന്നു ബാങ്കിന്റെ ആദ്യ സര്‍ക്കുലര്‍. അതേസമയം സര്‍ക്കുലറിലെ മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും എസ്ബിഐ അറിയിച്ചു.

നേരത്തെ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്ന് എസ്ബിഐ അധികൃതര്‍ പറഞ്ഞു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ഇതെന്നും ബാങ്ക് വിശദീകരിക്കുന്നു. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എ ടി എം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് ആദ്യം പുറത്തുവന്ന സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

ഓരോ ഇടപാടിനും 25 രൂപ വരെ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ആദ്യത്തെ നാല് ഇടപാടുകള്‍ സൗജന്യമാണെന്ന് എസ്ബിഐ അറിയിച്ചത്. എസ്ബിഐയുടേത് ഭ്രാന്തന്‍ തീരുമാനമാണെന്നും ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു. എസ്ബിഐയുടെ നടപടിക്കെതിരേ ഇടപാടുകാരും ജനങ്ങളും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാക്കിയിരുന്നു.